kerala congress and muslim leage also invaited ldf ;Deshabhimani editorial

തിരുവനന്തപുരം: കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസിന് (എം) പുറമെ മുസ്ലീം ലീഗിനേയും എല്‍.ഡി.എഫിലേയ്ക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ മുഖപ്രസംഗം.

കെ.എം.മാണിയെ പരോക്ഷമായി അംഗീകരിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ലീഗ് അടക്കമുള്ള കക്ഷികളെ സ്വാഗതം ചെയ്യുന്നതായുള്ള സൂചന നല്‍കി ദേശാഭിമാനിയില്‍ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടത്.

യു.ഡി.എഫിന്റെ തകര്‍ച്ചയും ഭാവി കേരളവും എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. വര്‍ഗീയ കക്ഷി എന്നാരോപിച്ച് ആരേയും മാറ്റിനര്‍ത്തേണ്ട കാര്യമില്ലെന്ന് മുഖപ്രസംഗം പറയുന്നു.

ആര്‍.എസ്.പിയും ജെ.ഡി.യുവും പുനര്‍വിചിന്തനത്തിന് തയ്യാറാകണം. നിയമസഭയില്‍ ഭൂരിപക്ഷമുള്ളത് കൊണ്ട് എല്‍.ഡി.എഫ് വിപുലീകരിക്കേണ്ടതില്ല എന്ന വാദം തെറ്റാണെന്നും ദേശാഭിമാനി മുഖപ്രസംഗം വാദിക്കുന്നു.

ജനകീയപ്രശ്‌നങ്ങളില്‍ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസുമായും ഇപ്പോള്‍ യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുന്ന മറ്റ് കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ട്.

ഇവിടെ വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കര്‍ഷക പാര്‍ടിയെന്ന് അഭിമാനിക്കുന്ന കേരള കോണ്‍ഗ്രസിന്റെ വിവിധ വിഭാഗങ്ങളുമായി എല്‍.ഡി.എഫ് നേരത്തെയും സഹകരിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുയും ചെയ്തിട്ടുണ്ട്. ആദ്യ നായനാര്‍ മന്ത്രിസഭയില്‍ കെ.എം.മാണി തന്നെ മന്ത്രിയായിരുന്നു.

ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രബലവിഭാഗം ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് രൂപീകരിച്ച് എല്‍.ഡി.എഫിനൊപ്പം നിന്നത് നിയമസഭാ തെരഞ്ഞെടുപ്പിലെ നിര്‍ണായക രാഷ്ട്രീയ സംഭവവികാസമായിരുന്നു.

നേരത്തെ എല്‍.ഡി.എഫിന്റെ ഭാഗമായിരുന്ന ആര്‍.എസ്.പി, ജനതാദള്‍ (യു) കക്ഷികളും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകേണ്ടിവരും.

ഇത്തരത്തില്‍ യു.ഡി.എഫിനകത്തെ അന്തഛിദ്രം രൂക്ഷമായിക്കൊണ്ടിരിക്കെ, ജനകീയ അടിത്തറ ഇടതുപക്ഷത്തിന് അനുകൂലമായി വികസിപ്പിച്ചെടുക്കുക എന്നത് ശരിയായ രാഷ്ട്രീയ കടമയാണ്. നിയമസഭയില്‍ നല്ല ഭൂരിപക്ഷമുള്ളതിനാല്‍ എല്‍.ഡി.എഫ് ആ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വാദത്തില്‍ യുക്തിയില്ല.

വര്‍ഗീയതയും ജനവിരുദ്ധ നയങ്ങളും ശക്തിപ്പെടുന്ന കാലത്ത് ജനങ്ങളുടെ ഐക്യനിര സാധ്യമാകുന്നിടത്തോളം വിപുലമാക്കുകയാണ് ജനപക്ഷ രാഷ്ട്രീയത്തിന്റെ കടമയെന്നും മുഖപ്രസംഗം കൂട്ടിച്ചേര്‍ക്കുന്നു

Top