beehar liquar ban policy;

പറ്റ്‌ന: ബിഹാര്‍ സര്‍ക്കാറിന്റെ സമ്പൂര്‍ണ മദ്യ നിരോധത്തെ പിന്തുണച്ച ഗ്രാമവാസികള്‍ ദിവസങ്ങള്‍ക്കകം നിരോധത്തെ എതിര്‍ത്ത് രംഗത്തെത്തി.

നിരോധം ലംഘിച്ച ഗ്രാമവാസികളില്‍ നിന്ന് ഒന്നടങ്കം പിഴയീടാക്കാനുള്ള തീരുമാനമാണ് ഗ്രാമവാസികള്‍ക്ക് തലവേദന സൃഷ്ടിച്ചത്.

ബിഹാറില്‍ പുതുതായി ഏര്‍പ്പെടുത്തിയ മദ്യനിരോധ ബില്‍ പ്രകാരം മദ്യം കണ്ടെത്തുന്ന കുടുംബങ്ങളെയും ഗ്രാമത്തെയും ഒന്നടങ്കംപ്രതിക്കൂട്ടില്‍ നിറുത്തുന്നതാണ്.

സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പലരും ഇതിനോടകം പൊലീസിന്റെ പിടിയിലായി കഴിഞ്ഞു. പാവങ്ങളെ അകാരണമായി പീഡിപ്പിക്കുന്ന കിരാത നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

കൈലാഷ്പുര്‍ ഗ്രാമത്തില്‍ നിന്ന് നൂറുകണക്കിന് നാടന്‍ മദ്യക്കുപ്പികള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഗ്രാമത്തിലെ ഓരോ കുടുംബവും 5,000 രൂപ പിഴയടക്കേണ്ടി വരുമെന്ന തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ഉത്തരവ് ജനങ്ങളെ പ്രകോപിതരാക്കിയിരിക്കുകയാണ്.

ഒരു തെളിവുമില്ലാതെ ഗ്രാമവാസികളെ മുഴുവന്‍ കുറ്റക്കാരാക്കുന്ന സര്‍ക്കാറിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഗ്രാമവാസികള്‍ അിപ്രായപ്പെടുന്നു.

കൂലിവേല ചെയ്ത് ജീവിക്കുന്ന ഗ്രാമവാസികളില്‍ പലര്‍ക്കും പിഴയടക്കാനുള്ള കഴിവില്ല. മാത്രമല്ല, തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് പിഴയടക്കേണ്ടി വരുന്നത് അംഗീകരിക്കാനും ഇവര്‍ തയാറല്ല.

മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ കൊട്ടിഗ്‌ഘോഷിച്ച് പ്രഖ്യാപിച്ച സമ്പൂര്‍ണ മദ്യനിരോധം ലക്ഷ്യത്തിലെത്താതെ പോകാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്.

Top