90 plus and still going strong Vs…

ന്യൂഡല്‍ഹി: ലോകത്തിലെ പൊരുതുന്ന മനസുകളുടെ ആവേശമായ ക്യൂബന്‍ വിപ്ലവനായകന്‍ സാക്ഷാല്‍ ഫിഡല്‍ കാസ്‌ട്രോ പോലും അടിയറവ് പറഞ്ഞു… പ്രായാധിക്യത്തെ മറികടന്ന വിഎസിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍… !

ലോകരാഷ്ട്രീയത്തില്‍ ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഓടി നടന്ന് എതിരാളികളെ കടന്നാക്രമിക്കുന്ന 92 ന്റെ വിപ്ലവ വീര്യം ഇനി വിഎസിന് മാത്രം അവകാശപ്പെട്ടതാണ്.

13-08-1926 ന് ജനിച്ച ഫിഡല്‍ കാസ്‌ട്രോക്ക് ഇപ്പോള്‍ 89 വയസ്സാണ്. 20-10-1923 ന് ജനിച്ച വിഎസ് ആകട്ടെ 92 പിന്നിട്ട് കഴിഞ്ഞു.

ഇന്ത്യയില്‍ 91-ാം വയസില്‍ ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധി മത്സരിക്കുന്നുണ്ടെങ്കിലും അദ്ദേഹം വീല്‍ചെയറിന്റെ സഹായത്തോടെ ചുരുക്കം വേദികളില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. അതും ചടങ്ങിന് മാത്രം.

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് തമിഴക രാഷ്ട്രീയത്തില്‍ സജീവമാകാന്‍ കഴിയാതിരുന്ന കരുണാനിധിയെ ഉയര്‍ത്തിക്കാട്ടാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന തിരിച്ചറിവിലാണ് അവശനായിട്ടും കരുണാനിധിയെ ഡിഎംകെ ഉയര്‍ത്തിക്കാട്ടുന്നത്.

ക്യൂബന്‍നായകന്‍ ഫിഡല്‍ കാസ്‌ട്രോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ തന്നെ സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് അധികാരം കൈമാറി തിരശ്ശീലക്ക് പിന്നിലേക്ക് മാറിയിരുന്നു. തന്റെ മരണം അടുത്തതായി ഫിഡല്‍ അടുത്തയിടെ പരസ്യമായി പ്രതികരിച്ചത് ക്യൂബന്‍ ജനതയില്‍ വൈകാരികമായ അലയൊലികളാണ് സൃഷ്ടിച്ചത്. അദ്ദേഹവും ഇപ്പോള്‍ വീല്‍ചെയറിന്റെ സഹായത്തോടെയാണ് നീങ്ങുന്നത്.

new

ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന് നേതൃത്വം കൊടുത്ത് അധിനിവേശ ശക്തികള്‍ക്കെതിരെ രക്തരൂക്ഷിതമായ സമരം നയിച്ച വിഎസ് അതേ ആവേശത്തില്‍ തന്നെയാണ് 92-ാം വയസിലും കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്ന ഒരു ഭരണ സംവിധാനത്തിനായി പോരാടുന്നത്. വിഎസിന്റെ ആരാധനാ പാത്രങ്ങളാകട്ടെ ചെഗുവേരയും കാസ്‌ട്രോയുമാണു താനും.

ചിട്ടയായി രൂപപ്പെടുത്തിയ ജീവിത ശൈലിയാണ് പ്രായത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറാന്‍ വിഎസിന് വഴിയൊരുക്കുന്നത്. കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റൊരറ്റത്തേക്ക് എത്രദൂരം സഞ്ചരിക്കാനും ഇടര്‍ച്ചയില്ലാതെ എതിരാളികളെ കീറിമുറിക്കുന്ന രൂപത്തില്‍ ആവേശത്തോടെ പ്രസംഗിക്കാന്‍ കഴിയുന്നതും ഇന്ന് രാഷ്ട്രീയകേന്ദ്രങ്ങള്‍ക്ക് പുതിയ അത്ഭുതമാണ്.

പതിനായിരങ്ങളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കാനുള്ള 92 കാരനായ ഈ വിപ്ലവകാരിയുടെ കഴിവു തന്നെയാണ് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പിലെ തുറുപ്പുചീട്ട്.

ലോകരാഷ്ട്രീയത്തില്‍ തന്നെ അത്ഭുതമായ ഈ ചരിത്ര നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനായി കടല്‍ കടന്നെത്തിയ ബ്രിട്ടണ്‍ സ്വദേശിയായ ഇയാന്‍ മക്‌ഡൊണാള്‍ഡ് വിഎസിന്റെ ഓരോ ചലനങ്ങളും ജനങ്ങളുടെ ആരവങ്ങളും കാമറയില്‍ ഒപ്പിയെടുക്കുകയാണ്.

ഇദ്ദേഹം തയ്യാറാക്കുന്ന ഡോക്യുമെന്ററി പുറത്ത് വരുന്നതോടെ ലോകത്തിന്റെ മുന്നില്‍ വിഎസിന്റെയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ത്യാഗനിര്‍ഭരമായ പോരാട്ട ചരിത്രം പുതിയ തലമുറക്ക് കൂടി ആവേശകരമായ അനുഭവമായി മാറും.

സോഷ്യല്‍ മീഡിയയില്‍ വൈകിയെത്തിയ വിഎസിന് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത പിന്‍തുണയാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് മൊബൈല്‍ ആപ്പുമായി കൂടുതല്‍ ശക്തമായി രീതിയിലാണ് ടീം വിഎസ് പിടിമുറുക്കിയിരിക്കുന്നത്.
ഈ തിരഞ്ഞെടുപ്പിലെയും ‘അജണ്ട’ സെറ്റ് ചെയ്യുന്ന നേതാവായി ഇതിനകം തന്നെ വിഎസ് മാറിക്കഴിഞ്ഞു.

വിഎസിന്റെ വാക്കുകളാണ് ഇപ്പോള്‍ ഭരണപക്ഷത്തിനെയും ബിജെപി-ബിഡിജെഎസ് സഖ്യത്തെയും പ്രതിരോധത്തിലാക്കുന്നത്.

Top