90 കോടി ആക്ടീവ് യൂസര്‍മാര്‍ എന്ന നേട്ടം സ്വന്തമാക്കി വാട്‌സ്ആപ്പ്

Whatsapp

സാന്‍ഫ്രാന്‍സിസ്‌കോ: പ്രതിമാസം 90 കോടി ആക്ടീവ് യൂസര്‍മാര്‍ എന്ന നേട്ടം സ്വന്തമാക്കി ഇന്‍സ്റ്റന്റ് മെസേജിങ് സംവിധാനമായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് സിഇഒ ജാന്‍ കൗവുമാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

ഏപ്രിലില്‍ ആക്ടീവ് യൂസര്‍മാരുടെ എണ്ണം 80 കോടി ആയിരുന്നു. അഞ്ച് മാസം കൊണ്ടാണ് പുതിയ 10 കോടി ആക്ടീവ് യൂസര്‍മാരെ വാട്‌സ്ആപ്പിന് നേടാനായത്. 90 കോടിയില്‍ അവസാനമെത്തിയ 20 കോടി ആക്ടീവ് യൂസര്‍മാര്‍ വാട്‌സ്ആപ്പിനോട് കൂട്ടുകൂടിയത് എട്ട് മാസത്തെ കാലയളവിലും.

ഗൂഗിള്‍ ഹാങ്ഔട്ട്, വിചാറ്റ്, ലൈന്‍ എന്നീ മെസേജിങ് സര്‍വീസുകളോടാണ് വാട്‌സ്ആപ്പിന്റെ മത്സരം.

ചൈനയിലാണ് വിചാറ്റിന് കൂടുതല്‍ പ്രചാരം. ലൈന്‍ ജപ്പാനിലും ആളെക്കൂട്ടുന്നു. ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ പ്രതിമാസ ആക്ടീവ് യൂസര്‍മാരുടെ എണ്ണം ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല.

ജനുവരിയിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം 3000 കോടി മെസേജുകളാണ് വാട്‌സ്ആപ്പ് യൂസര്‍മാര്‍ പരസ്പരം കൈമാറുന്നത്. വോയ്‌സ് കോളിങ് ഫീച്ചറും വാട്‌സ്ആപ്പിന്റെ സ്വീകാര്യത വര്‍ധിക്കാന്‍ കാരണമായി.

2009ല്‍ അമേരിക്കക്കാരായ ബ്രയാന്‍ ആക്റ്റണ്‍, ജാന്‍ കൂം എന്നിവര്‍ ചേര്‍ന്നാണ് വാട്‌സ്ആപ്പ് വികസിപ്പിച്ചത്. 2014ല്‍ 19 ബില്യണ്‍ യുഎസ് ഡോളര്‍ മുടക്കി ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പിനെ ഏറ്റെടുത്തു.

ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത് മുതല്‍ യൂസര്‍മാരുടെ എണ്ണത്തില്‍ സ്ഥിരതയുള്ള വളര്‍ച്ചയാണ് വാട്‌സ്ആപ്പിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Top