ഭൂമി തര്‍ക്കത്തെച്ചൊല്ലി സംഘര്‍ഷം: യു.പിയിലെ ഗ്രാമത്തിലുണ്ടായ വെടിവെയ്പ്പില്‍ 9പേര്‍ മരിച്ചു

സോന്‍ഭദ്ര: ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ മൂന്ന് സ്ത്രീകളടക്കം ഒന്‍പതുപേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റുവെന്നും പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

രണ്ടുവര്‍ഷം മുമ്പ്് ഗ്രാമമുഖ്യന്‍ ഇവിടെ 36 ഏക്കര്‍ കൃഷിസ്ഥലം വാങ്ങിയിരുന്നു. ഇന്ന് ഗ്രാമമുഖ്യനും കൂട്ടാളികളും ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയപ്പോള്‍ ഗ്രാമവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാവുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഗ്രാമമുഖ്യന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ നടത്തിയ വെടിവയ്പ്പിലാണ് നാല് സ്ത്രീകള്‍ ഉള്‍പ്പടെ ഒമ്പത് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടത്. ഗ്രാമമുഖ്യന്‍ വാങ്ങിയ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി ഗ്രാമവാസികള്‍ ട്രാക്ടറുകളുപയോഗിച്ച് നിലം ഉഴുതുന്നത് ആരംഭിച്ചിരുന്നു. ഇതാണ് ഗ്രാമവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനുണ്ടായ കാരണമെന്ന് സോനാഭദ്ര പോലിസ് ചീഫ് സല്‍മാന്‍താജ് പറഞ്ഞു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലിസ് അറിയിച്ചു.

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കാന്‍ അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിട്ടുണ്ട്.

Top