മധ്യപ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ്; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഒന്‍പത് യുവതികളെ അറസ്റ്റ് ചെയ്തു

arrest

ഭോപ്പാല്‍: മധ്യപ്രദേശിലെ പൊലീസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ പ്രതിഷേധം നടത്തിയ ഒന്‍പത് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പൊക്കത്തിന്റെ കാര്യത്തില്‍ അല്പം അയവ് വരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഐ പി സി 151 പ്രകാരം വ്യാഴാഴ്ചയാണ് യുവതികളെ അറസ്റ്റ് ചെയ്തത്. ലാല്‍ പരേഡ് ഗ്രൗണ്ടില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്.

കൊലകേസില്‍ പ്രതികളായവരോടൊപ്പമാണ് തങ്ങളെ പൊലീസ് ഇരുത്തിയിരുന്നത്. അവര്‍ തങ്ങളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കി. ഇത്തരത്തില്‍ വളരെ മോശമായ പൊരുമാറ്റമാണ് പൊലീസുകാരില്‍ നിന്നും തങ്ങള്‍ക്ക് ഏറ്റു വാങ്ങേണ്ടി വന്നതെന്ന് അറസ്റ്റിലായ യുവതികളില്‍ ഒരാള്‍ പറഞ്ഞു. കൂടാതെ, മുഖ്യമന്ത്രി തന്നെയാണ് പൊക്കത്തിന്റെ കാര്യത്തില്‍ അല്പം ഇളവ് നല്‍കാമെന്ന് പറഞ്ഞത്. അത് ചോദിച്ചതാണോ ഞങ്ങള്‍ ചെയ്ത തെറ്റ് എന്നും അവര്‍ ചോദിച്ചു.

2017 ഒക്ടോബറിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വനിതാ പൊലീസാവാന്‍ വേണ്ട 158 സെന്റീ മീറ്റര്‍ എന്ന പൊക്കം , അല്പം ഇളവ് വരുത്തി അടുത്ത പരീക്ഷില്‍ മാറ്റുമെന്ന് അറിയിച്ചത്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധം നടന്നു വരികയാണ്.

Top