ബീഹാറില്‍ കോണ്‍ഗ്രസിലെ 9 എംഎല്‍എമാരെ കാണാനില്ല; പ്രതിസന്ധി രൂക്ഷം

പട്‌ന: ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ വീണതോടെ കോണ്‍ഗ്രസിലും പ്രതിസന്ധി രൂക്ഷം. പാര്‍ട്ടിയുടെ 9 എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. ഇവര്‍ കൂറുമാറുമെന്ന് സൂചനയുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പൂര്‍ണിയയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ 19 ബിഹാര്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേര്‍ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ 9 എംഎല്‍എമാരുടെ അഭാവം മുന്നണിയില്‍ സംശയമുണര്‍ത്തിയിരുന്നു.

യാത്രയുടെ മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയ എംഎല്‍എമാര്‍ മാത്രമാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. എന്നാലിത് നിയമസഭാ കക്ഷി യോഗമല്ലെന്നും കൂടുതലൊന്നും ഇതില്‍ കാണേണ്ടതില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്റെ പ്രതികരണം. ഔദ്യോഗിക വസതിയില്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 11 മണിയോടെയാണ് നിതിഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചത്. ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും മറ്റ് നേതാക്കളും ഉച്ചതിരിഞ്ഞ് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ പട്നയിലെത്തും.

താന്‍ രാജിവച്ചുവെന്നും മഹാസഖ്യം അവസാനിപ്പിക്കുന്നുവെന്നും സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നും നിതിഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ എന്തുകൊണ്ട് മഹാസഖ്യമുപേക്ഷിച്ചെന്ന ചോദ്യത്തിന് നിതിഷ് മറുപടി നല്‍കിയില്ല. ഇന്ത്യാ സഖ്യത്തിന്റെ യോഗം നടന്നപ്പോള്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതിഷിന്റെ പേര് സിപിഐഎം അടക്കം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ തൃണമൂലിന്റെ മമതാ ബാനര്‍ജി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം പിന്നീടെടുക്കാമെന്ന് രാഹുല്‍ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതും നിതിഷിന്റെ മറുകണ്ടം ചാടുന്നതിന് കാരണമായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top