9 arrested in connection with attack on Dalits in Una, Rajnath Singh tells Lok Sabha

ന്യൂഡല്‍ഹി: ഗുജറാത്തില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് ദളിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം.

ദളിത് യുവാക്കളെ മര്‍ദിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഖേദം രേഖപ്പെടുത്തുന്നുവെന്നും ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ഗുജറാത്തിലെ ഉനയില്‍ ജൂലൈ 11 നാണ് സംഭവം നടന്നത്. ഐപ.സി വകുപ്പ് അനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്.

പട്ടികജാതി/പട്ടിക വകുപ്പ് സെല്ലും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇരകള്‍ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും രാജ്‌നാഥ് സിങ് സഭയില്‍ വ്യക്തമാക്കി.

കേസ് വാദിക്കുന്നതിന് പ്രത്യേക കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരകള്‍ക്ക് അനുകൂലമായ നടപടികളെടുത്ത ഗുജറാത്ത് സര്‍ക്കാറിനെ അനുമോദിക്കുന്നുവെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.

ദളിത് പീഡനം എവിടെ നടന്നാലും അത് ദൗര്‍ഭാഗ്യകരം തന്നെയാണ്. അത് സമൂഹത്തിലെ തിന്മയാണ്. അതിനെതിരെ എല്ലാ പാര്‍ട്ടികളും ഐക്യത്തോടെ പ്രവര്‍ത്തിക്കണം.

സര്‍ക്കാര്‍ ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. മോദി ഭരണത്തിന്റെ കീഴില്‍ സ്വതന്ത്ര ഇന്ത്യയില്‍ ദളിതരെയും പാവപ്പെട്ടവരെയും മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് നടപടികള്‍ എടുത്തിരിക്കുന്നത്.

അതിനായി ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയും നടപ്പാക്കിയിരിക്കുന്നു. ഭാരത സര്‍ക്കാര്‍ ഇത്തരത്തിലുള്ളവരോടൊപ്പമാണ് നിലനില്‍ക്കുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

എന്നാല്‍ അദ്ദേഹം സംസാരിക്കുന്നതിനിടെ പ്രതിപക്ഷം ബഹളംവെച്ചു.

പശുക്കളെ സംരക്ഷിച്ചുകൊണ്ട് മനുഷ്യരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് പപ്പു യാദവ് പ്രതികരിച്ചു. ഒരു മനുഷ്യനെ രക്ഷിക്കുന്നതിന് വേണ്ടി ഒരു ലക്ഷം പശുക്കളെ കൊല്ലാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പപ്പു യാദവിന്റെ പ്രതികരണം പശുവിനെ ആരാധിക്കുന്നവരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും ബി.ജെ.പി എം.പിമാര്‍ ആവശ്യപ്പെട്ടു.

ദളിത് പീഡനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസും ബി.എസ്.പിയും രാജ്യസഭയില്‍ ആരോപിച്ചു.

പ്രതിപക്ഷം എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കിയത് സഭാ നടപടികളെ തടസപ്പെടുത്തി.

ദലിത് യുവാക്കളെ മര്‍ദിച്ച സംഭവം മനുഷ്യാവകാശ ലംഘനമാണ്. വിഷയത്തില്‍ ഉത്കണ്ഠയുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമായിട്ടും സംഭവത്തിനിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ പാര്‍ട്ടികളെല്ലാം ദലിതര്‍ക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും മായാവതി പ്രതികരിച്ചു.

Top