ഡയമണ്ട് പ്രിന്‍സസിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ; രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി

ടോക്കിയോ: കൊറോണാവൈറസ് ബാധ മൂലം ടോക്യോയ്ക്ക് സമീപം കുരുങ്ങിയ ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ വൈറസ് ബാധ കണ്ടെത്തി. കേന്ദ്ര വിദേശകാര്യവക്താവ് രവീശ് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇതോടെ കപ്പല്‍ യാത്രക്കാരില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി ഉയര്‍ന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. നേരത്തെ ഏഴ് ഇന്ത്യക്കാര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു.

ഈ മാസം ആദ്യം ജപ്പാന്‍ തീരത്ത് എത്തിയ കപ്പലില്‍ ആകെ 3,711 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. 132 ക്രൂ അംഗങ്ങളും ആറ് യാത്രക്കാരുമടങ്ങുന്നതായാണ് കണക്ക്..ഇവരില്‍ 621 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഹോങ്കോങ്ങില്‍ നിന്നുള്ള യാത്രക്കാരന് വൈറസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് കപ്പല്‍ ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടത്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വഹിച്ചുള്ള വിമാനം വുഹാനിലേക്ക് അയക്കുമെന്ന് രവീശ് കുമാര്‍ പറഞ്ഞു.മടക്കയാത്രയില്‍ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്നും രവീശ് കുമാര്‍ അറിയിച്ചു. മടങ്ങിവരാന്‍ താത്പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.

Top