Japanese Emperor Akihito signals desire to abdicate

ടോകിയോ: ജപ്പാനിലെ അകിഹിതോ ചക്രവര്‍ത്തി സ്ഥാനമൊഴിയുന്നു. ടെലിവിഷനിലൂടെ രാഷ്ട്രത്തോട് സംസാരിക്കവെയാണ് അകിഹിതോ ഇക്കാര്യം അറിയിച്ചത്.

പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കാരണം ചക്രവര്‍ത്തിയെന്ന നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

10 മിനിറ്റ് ദൈര്‍ഘ്യമുള്ള റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ജപ്പാന്‍ രാജാവ് അകിഹിതോ രാജ്യത്തെ അഭിസംബോധന ചെയ്തത്.

ആരോഗ്യവും പ്രായവും ഉത്തരവാദിത്തങ്ങളില്‍ തുടരുന്നതിന് തടസമാകുന്നതായി അതുകൊണ്ട് സ്ഥാനം ഒഴിയുന്നു എന്നാണ് രാജാവ് പറഞ്ഞത്. 82കാരനായ രാജാവ് മുമ്പ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പ്രോസ്‌ട്രേറ്റ് കാന്‍സറിന്റെ ചികിത്സയിലണ് അദ്ദേഹം.

ജപ്പാനിലെ നിയമപ്രകാരം ചക്രവര്‍ത്തിക്ക് സ്വമേധയാ വിരമിക്കാനാവില്ല. മരണം വരെ പദവിയില്‍ തുടരണം. അകിഹിതോക്ക് സ്ഥാനമൊഴിയണമെങ്കില്‍ നിയമത്തില്‍ മാറ്റംവരുത്തേണ്ടിവരും.

1817ല്‍ കൊകാവ് രാജാവാണ് അവസാനമായി സ്ഥാനം സ്വയം ഉപേക്ഷിച്ചത്. പിന്നീട് വന്നവരെല്ലാം മരണം വരെ രാജപദവിയില്‍ തുടര്‍ന്നവരാണ്. 1989ല്‍ പിതാവ് ഹിരോഹിതോയുടെ മരണത്തെ തുടര്‍ന്നാണ് അകിഹിതോ രാജചുമതലകളിലേക്കെത്തുന്നത്. അകിഹിതോയുടെ പ്രസ്താവന ഗൗരവത്തോടെ കാണുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

Top