saudi issue; new directives on unpaid salaries for foreign workers

റിയാദ്: തൊഴില്‍നഷ്ടമായി ദുരിതത്തിലായ ഇന്ത്യക്കാരുടെ ആശങ്ക പരിഹരിക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ഇടപെടുന്നു.

തൊഴില്‍പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മുടങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ അടിയന്തരമായി 10 കോടി റിയാല്‍ അനുവദിക്കാനും രാജാവ് ഉത്തരവിട്ടു.

ഇതോടെ നിര്‍മ്മാണ മേഖലയില്‍ അടക്കം ശമ്പളം മുടങ്ങിയവരുടെ കുടിശ്ശിക എത്രയും വേഗം ലഭിക്കാന്‍ വഴിതെളിഞ്ഞു.

തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയില്ലെങ്കില്‍ രാജാവിന്റെ പുതിയ ഉത്തരവ് അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാലും കമ്പനികള്‍ക്ക് ഫണ്ട് അനുവദിക്കില്ല.

അടിയന്തരമായി അനുവദിക്കുന്ന 10 കോടി റിയാല്‍ സൗദി അറബ് ഫണ്ടില്‍ നിക്ഷേപിക്കും. തൊഴില്‍ നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായ തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കാനും തൊഴില്‍ മന്ത്രിയോട് രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്.

തൊഴില്‍ ഉടമയുടെ ചിലവില്‍ തന്നെ തൊഴില്‍നഷ്ടമായ തൊഴിലാളികളെ അവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സൗദി എയര്‍ലൈന്‍സില്‍ തിരികെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും രാജാവ് തൊഴില്‍മന്ത്രിയോട് ആവശ്യപ്പെട്ടു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് വിസ അനുവദിക്കാനും നിര്‍ദേശമുണ്ട്.

Top