kvid car

വില്പനയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ക്വിഡിന്റെ കരുത്തേറിയ പതിപ്പുമായി റിനോ വിപണിപിടിക്കുന്നു. ഈ മാസം തന്നെ 1.0ലിറ്റര്‍ എന്‍ജിനുള്ള ക്വിഡിനെ നിരത്തിലെത്തിക്കുമെന്നാണ് ഫ്രഞ്ച് നിര്‍മാതാവായ റിനോയുടെ അറിയിപ്പ്.

നിലവില്‍ 800 സി സി എന്‍ജിനാണ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ക്വിഡിന് കരുത്തേകുന്നത്.

വില്പനയില്‍ കുതിച്ചുക്കൊണ്ടിരിക്കുന്ന ക്വിഡില്‍ ഒരു ലിറ്റര്‍ എന്‍ജിന്‍ ഉള്‍പ്പെടുത്തുന്നതോടെ കൂടുതല്‍ വിപണി വിഹിതമാണ് ലക്ഷ്യമിടുന്നതെന്നാണ് റിനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡിറക്ടറുമായ സുമിത് സാഹ്നി വ്യക്തമാക്കിയത്.

മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തിയാണ് 1.0ലിറ്റര്‍ ക്വിഡിനെ അവതരിപ്പിക്കുന്നത്. റിനോ വികസിപ്പിച്ചെടുത്ത ഈസിആര്‍ ഗിയര്‍ഷിഫ്റ്റായിരിക്കുമിത്.

എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ കരുത്തുറ്റ എന്‍ജിനുള്ള വാഹനമാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് പുത്തന്‍ ക്വിഡിനെ വിപണിയിലെത്തിക്കുന്നതെന്നും സിന്ഹ വെളുപ്പെടുത്തി.

കഴിഞ്ഞ സെപ്തംബറില്‍ വിപണിയിലെത്തിയ ക്വിഡ് മുക്കാല്‍ ലക്ഷത്തോളം യൂണിറ്റിന്റെ വില്‍പ്പനയാണ് ഇതുവരെ നേടിയെടുത്തത്.

ദില്ലി എക്‌സ്‌ഷോറൂം 3.25 ലക്ഷത്തിനും 4.15ലക്ഷത്തിനുമിടയിലുള്ള മാരുതി ഓള്‍ട്ടോ കെ10നുമായിട്ടായിരിക്കും പുത്തന്‍ ക്വിഡിന് കൊമ്പുക്കോര്‍ക്കേണ്ടി വരിക.

അതേസമയം റിനോ പുത്തന്‍ ക്വിഡിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ച അതെ ക്വിഡിനെ ഡിസൈനിലൊന്നും മാറ്റം വരുത്താതെയാണ് വിപണിയില്‍ എത്തിക്കുന്നത്.

സൈഡ് പാനലില്‍ ചെക്ക് ഫ്‌ലാഗ് ഡിസൈനിലുള്ള ഗ്രാഫിക്‌സും 1.0ലിറ്റര്‍, എഎംടി ബാഡ്ജുമൊഴിച്ച് ക്വിഡിന്റെ ഡിസൈനില്‍ മാറ്റമില്ല.

Top