Zakir Naik case: Mumbai police seek legal opinion of the legal Department

മുംബൈ: മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുംവിധം പ്രഭാഷണം നടത്തിയതിന് ഇസ്ലാമിക പ്രചാരകന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരെ നടപടിക്ക് സാധ്യത ആരാഞ്ഞ് മുംബൈ പൊലീസ് മഹാരാഷ്ട്ര നിയമ വകുപ്പിന്റെ അഭിപ്രായം തേടി.

ബംഗ്‌ളാദേശില്‍ ആക്രമണം നടത്തിയ ഭീകരരില്‍ രണ്ടുപേരെ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സ്വാധീനിച്ചെന്ന റിപ്പോര്‍ട്ട് ഇന്ത്യയില്‍ വിവാദമായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അന്വേഷണത്തിന്റെ ഉത്തരവിട്ടിരുന്നു.

മുംബൈ പൊലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചാണ് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളും മറ്റും പരിശോധിച്ചത്.കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സാക്കിര്‍ നായിക് നടത്തിയ പ്രഭാഷണങ്ങളില്‍ ദേശവിരുദ്ധമായി ഒന്നും കണ്ടെ ത്താനായിട്ടില്ലെന്നും എന്നാല്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് മുംബൈ പൊലീസ് കമീഷണര്‍ക്ക് സമര്‍പ്പിച്ചതിനു പിന്നാലെയാണ് 21 മലയാളികളെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസ് സാക്കിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുള്ള രണ്ട് പേരെ മഹാരാഷ്ട്ര എ.ടി.എസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്.

ഒപ്പം, രാജ്യത്ത് വിവിധ തീവ്രവാദ കേസുകളിലായി അറസ്റ്റിലായവരില്‍ 55 പേര്‍ സാക്കിര്‍ നായിക്കിനെ പിന്തുടരുന്നവരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

2006 ലെ ഔറംഗാബാദ് ആയുധ കേസില്‍ വിചാരണ നേരിടുകയും കഴിഞ്ഞ ദിവസം പ്രത്യേക മകോക കോടതി കുറ്റമുക്തനാക്കുകയും ചെയ്ത ഫിറോസ് ദേശമുഖാണ് എന്‍.ഐ.എയുടെ പട്ടികയിലുള്ള ഒരാള്‍.

അതേസമയം, ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് സാക്കിര്‍ നായിക്കിനെതിരെ ഐ.പി.സി 153 എ വകുപ്പ് പ്രകാരം കേസെടുക്കാമെന്നാണ് മുംബൈ പൊലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത്. നിയമവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മുംബൈ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top