കേരളത്തിന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 88,69,440 വാക്സീന്‍ ഡോസുകള്‍

തിരുവനന്തപുരം: കേരളത്തിന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 88,69,440 വാക്സീന്‍ ഡോസുകള്‍. ഇതില്‍ 84,15,457 ഡോസുകള്‍ ഉപയോഗിച്ചു. ഇന്ന് രാവിലെ എട്ടുവരെയുള്ള കണക്കനുസരിച്ച് 4,53,983 ഡോസുകള്‍ ബാക്കിയുണ്ട്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഇതിനകം നല്‍കിയത് 20 കോടിയിലേറെ (20,76,10,230) സൗജന്യ വാക്സീന്‍ ഡോസുകളാണ്. ഇതില്‍ പാഴായി പോയത് ഉള്‍പ്പെടെ ആകെ 18,71,13,705 വാക്സീനുകള്‍ ഇതുവരെ ഉപയോഗിച്ചു.

സംസ്ഥാനങ്ങളുടെ പക്കല്‍ ഇപ്പോഴുള്ളത് രണ്ടു കോടിയിലേറെ (2,04,96,525) ഡോസുകള്‍. വരുന്ന മൂന്നു ദിവസത്തില്‍ മൂന്നുലക്ഷത്തോളം (2,94,660) അധിക ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കും.

മഹാമാരി നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച അഞ്ചിന പ്രതിരോധ പരിപാടികളില്‍ (പരിശോധന, കണ്ടെത്തല്‍, ചികിത്സ, കോവിഡ് അനുബന്ധ പെരുമാറ്റം എന്നിവ ഉള്‍പ്പെടെ) സുപ്രധാന ഘടകമാണ് വാക്സിനേഷന്‍. കോവിഡ് വാക്സിനേഷന്റെ വിപുലപ്പെടുത്തിയ മൂന്നാംഘട്ട നയപരിപാടികള്‍ 2021 മേയ് ഒന്നിനാണ് ആരംഭിച്ചത്.

രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വാക്സീന്‍ ഡോസുകളില്‍ കേന്ദ്ര മരുന്ന് ലബോറട്ടറിയുടെ അംഗീകാരം ലഭിച്ചവയില്‍ 50 ശതമാനവും കേന്ദ്രം സംഭരിക്കുകയും ഇവ നേരത്തെ ചെയ്തതുപോലെ സൗജന്യമായി സംസ്ഥാനങ്ങള്‍ക്കു കൈമാറുകയും ചെയ്യും.

 

Top