police statement about GOV.Pleader Dhanesh mathew Manjooran’s case

കൊച്ചി: യുവതിയെ കടന്നു പിടിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാനെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

യുവതിയെ കടന്നു പിടിച്ചത് ധനേഷ് ആണെന്നതിന് ശക്തായ തെളിവുകള്‍ കൈവശമുണ്ടെന്നും കേസ് അന്വേഷിക്കുന്ന സി.ഐ: രാധാമണി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധനേഷ് മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്.

യുവതിയെ ധനേഷ് കടന്നു പിടിച്ചതായി 35 സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം അന്തിമ ഘട്ടത്തിലാണ്.

ശക്തമായ തെളിവുകളാണ് ധനേഷിനെതിരെ ലഭിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കേസ് റദ്ദാക്കാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, പത്തു ദിവസത്തിനകം കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു.

അതിനിടെ, കേസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ വരുന്നത് തടയണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ധനേഷിനെതിരായ രഹസ്യമൊഴി പുറത്ത് പോയതിനെ കുറിച്ച് അന്വേഷിക്കണമെന്നും ധനേഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ജൂലായ് 14ന് രാത്രി ഏഴു മണിക്ക് കോണ്‍വെന്റ് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം നടന്നത്.

ഔദ്യോഗിക വാഹനത്തിലെത്തിയ ധനേഷ് യുവതിയെ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് ധനേഷിനെ പൊലീസ് അറസ്റ്റു ചെയ്തു.

ഇതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഹൈക്കോടതിയില്‍ സംഘര്‍ഷം ഉണ്ടായത്.

Top