സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 885 പേരില്‍ 724 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 885ല്‍ 724 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി. ഇതില്‍ ഉറവിടം അറിയാത്ത 54 കേസുകളും ഉള്‍പ്പെടുന്നു. തൃശ്ശൂര്‍ ജില്ലയില്‍ 33 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

9 കേസുകളുടെ ഉറവിടം അറിയില്ല. ആലപ്പുഴയില്‍ 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 32 സമ്പര്‍ക്കരോഗികളാണുള്ളത്. ഇടുക്കി ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 29 കൊവിഡ് കേസുകളില്‍ 24 എണ്ണവും സമ്പര്‍ക്കത്തിലൂടെ ഉള്ളവയാണ്. കോഴിക്കോട് ഇന്ന് 82 പോസിറ്റീവ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതില്‍ 74 എണ്ണവും സമ്പര്‍ക്കത്തിലൂടെ ബാധിച്ചതാണ്.

ഇവിടെ മൂന്ന് പേരുടെ ഉറവിടം കണ്ടെത്താനായില്ല. രോഗവ്യാപനതോത് കുറയുന്നുവെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനായിട്ടില്ല. പത്തനംതിട്ട ജില്ലയിലെ കുമ്പള ഒരു ലാര്‍ജ് കമ്മ്യൂണിറ്റി സെന്ററാണ്. 205 പേര്‍ക്ക് ഇവിടെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇവിടെ ഇപ്പോള്‍ വലിയ തോതില്‍ വ്യാപനം നടക്കുന്നില്ല.

തിരുവല്ലയിലെ ഹോളി സ്പിരിറ്റ് കോണ്വന്റില്‍ സമ്പര്‍ക്കം മൂലം 44 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ 75 പ്രാഥമിക കേന്ദ്രങ്ങളിലായി 7364 ബെഡുകള്‍ സജ്ജമാക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കേന്ദ്രങ്ങളിലായി 624 ബെഡുണ്ട് ആലപ്പുഴ ജില്ലയില്‍ കൊവിഡ് വ്യാപിച്ച കുറത്തിക്കാട്, കായംകുളം, ചേര്‍ത്തല, ഐടിബിപി ക്യാംപ് എന്നിവിടങ്ങളില്‍ കേസുകള്‍ കുറഞ്ഞു.

എന്നാല്‍ തീരപ്രദേശത്തെ ക്ലസ്റ്റര്‍ സജീവമായി നില്‍ക്കുന്നു. 105 പേരെ പരിശോധിച്ചപ്പോള്‍ കടക്കരപ്പള്ളയില്‍ 18 പേര്‍ക്കും ചെട്ടിക്കാട് 465 പേരില്‍ 29 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പ്രാഥമിക കേന്ദ്രങ്ങളിലായി 3040 കേട്ടിട്ടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Top