us f35

അമേരിക്കന്‍ എയര്‍ഫോസ് വിഭാഗത്തിന്റെ യുദ്ധവിമാനമായ ലോക്ഹീഡ് മാര്‍ട്ടിന്‍ എഫ് 35 നിര്‍മാണത്തിലുണ്ടായ കാലതാമസത്തിനും നിരവധി സാങ്കേതികത തകരാറുകള്‍ക്കും ഒടുവില്‍ യുദ്ധസന്നാഹത്തിനൊരുങ്ങിയതായി അമേരിക്കന്‍ സേനാമേധാവി അറിയിച്ചു.

അമേരിക്കന്‍ ഐക്യനാടുകളുടെ സൈനിക വിഭാഗത്തില്‍ പെടുന്ന ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വിലമതിക്കുന്നൊരു യുദ്ധവിമാനമായിരിക്കും എഫ് 35.

പതിനഞ്ച് വര്‍ഷത്തോളമായി ഈ യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിന് തുടക്കമിട്ടതെങ്കിലും പല സാങ്കേതിക തകരാറുകള്‍മൂലം നീണ്ടുപോവുകയായിരുന്നു.

ആഗസ്ത് ഒന്നോടുകൂടി യുദ്ധത്തിന് സന്നദ്ധമാകും എന്ന മുന്‍പ്രഖ്യാപനത്തിന് വിരുദ്ധമായി ഈ വര്‍ഷമവസാനത്തോടെയായിരിക്കും എഫ് 35 ഫൈറ്റര്‍ ജെറ്റ് നിറസാന്നിധ്യമറിയിക്കുക.

ലോക്ഹീഡ് മാര്‍ടിനാണ് അമേരിക്കന്‍ സൈന്യത്തിന് വേണ്ടി ഒറ്റ എന്‍ജിനും ഒറ്റ സീറ്റുമുള്ള വിവിധോദ്ദേശ്യ യുദ്ധവിമാനത്തെ വികസിപ്പിച്ചത്.

ആക്രമണ രംഗത്തും പ്രതിരോധ മേഖലയിലും ഒരുപോലെ ഉപയോഗിക്കാമെന്നുള്ള ദൗത്യമാണ് എഫ്35 ജെറ്റില്‍ നിക്ഷിപ്തമായിട്ടുള്ളത്.

ബോംബ് വര്‍ഷിക്കാനും മറ്റ് യുദ്ധവിമാനങ്ങളെ വെടിയുതിര്‍ത്ത് വീഴ്ത്താനുമാണ് എഫ് 35 ഉപയോഗിക്കുക.

പ്രാഥമിക ഉദ്യമങ്ങളുടെ കാര്യക്ഷമതാ പരിശോധനകള്‍ക്കു ശേഷം ബോംബ് വര്‍ഷിക്കുന്നതായിട്ടുള്ള പരീക്ഷണങ്ങളും വിജയകരമായി നടത്തിയിരുന്നു.

സാധാരണയിത് യുദ്ധത്തിന് തൊട്ടുമുന്‍പായിട്ടാണ് പരിശോധിക്കാറുള്ളത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതോടെ അമേരിക്ക യുദ്ധസന്നദ്ധതയിലേയ്ക്കുള്ള ഒരുപടികൂടി കടന്നിരിക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഫ്35 ന്റെ സമുദ്ര സേനാവിഭാഗം യുദ്ധസജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2012ഓടുകൂടി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു എന്നാല്‍ പലകാരണങ്ങളാലും നീണ്ടുപോവുകയായിരുന്നു.

400 ബില്യണ്‍ ഡോളര്‍ ആണ് ഇതിന്റെ മൊത്തത്തിലുള്ള നിര്‍മാണചിലവായി കണക്കാക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ എല്ലാ സന്നാഹങ്ങളും പൂര്‍ത്തിയാവുന്നതോടെ ചിലവ് ഒരു ട്രില്ല്യന്‍ ഡോളര്‍ കവിയും.

ലോകത്തില്‍ വച്ചേറ്റവും മികച്ച സാങ്കേതികത ഉപയോഗപ്പെടുത്തിയാണ് എഫ്35 യുദ്ധവിമാനം അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ പോകുന്നത്.

വായുമാര്‍ഗ യുദ്ധമായാലും ഭൂമിയിലേയ്ക്കുള്ള ആക്രമണമായാലും ഇന്റലിജന്‍സ്, സര്‍വലിയന്‍സ്, രംഗനിരീക്ഷണ മേഖലകളില്‍ ആണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള യുദ്ധവിമാനമാണിത്.

അടിയന്തരഘട്ടത്തില്‍ പൈലറ്റുമാര്‍ക്ക് സന്ദേശങ്ങളും വിവരങ്ങളും കൈമാറാനുള്ള സംവിധാനവും ഈ യുദ്ധവിമാനത്തിലുണ്ട്.

മാത്രമല്ല ശത്രുപാളയത്തില്‍ റഡാറിന്റെ കണ്ണില്‍പ്പെടാതെ അക്രമണം നടത്താനും ഈ എഫ് 35 പോര്‍വിമാനത്തിന് സാധിക്കും.

ഇതുകൂടാതെ ഈ യുദ്ധവിമാനത്തിലുള്ള പ്രത്യേക ഹെല്‍മറ്റ് സംവിധാനം പൈലറ്റിന് ചുറ്റുവട്ടമുള്ള 360ഡിഗ്രിയിലുള്ള കാഴ്ചകള്‍ കാണാനും സഹായകമാകും.

എയര്‍ഫോഴ്‌സിന് പുറമേ നാവികസേനയും മറ്റു ചില രാജ്യങ്ങളും എഫ്35 യുദ്ധവിമാനത്തെ ഉപയോഗപ്പെടുത്തുന്നതാണ്.

Top