new kerala indusrtrial activity

കൊച്ചി: സംസ്ഥാനത്തെ വ്യവസായ സംരംഭകര്‍ക്കായി ഏകജാലക സംവിധാനം സജീവമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് (ഇന്‍കെല്‍) പദ്ധതികള്‍ ആവിഷ്‌കരിച്ചു.

പ്രാഥമിക അനുമതി മുതല്‍ വ്യവസായം നടത്തിക്കൊണ്ടു പോകുന്നതിനുള്ള ഉപദേശമുള്‍പ്പെടെ സേവനങ്ങളാണ് ഇതുവഴി ലഭ്യമാക്കുന്നത്.
ഏതുതരം വ്യവസായത്തിനും സഹകരണം നല്‍കാന്‍ ഇന്‍കെല്‍ സന്നദ്ധമാണ്.

സീ പ്‌ളെയിന്‍ പദ്ധതി മുതല്‍ റോഡ് വികസനവും പച്ചക്കറിത്തോട്ടവും വരെ വ്യാപിച്ചുകിടക്കുന്ന സംരംഭങ്ങളിലേര്‍പ്പെടുക വഴി വ്യാവസായിക പുരോഗതിക്കൊപ്പം നിക്ഷേപകര്‍ക്ക് മികച്ച നേട്ടം കൊയ്യാനുള്ള അവസരവുമാണ് ഒരുക്കുന്നത്.
പൊതമരാമത്ത് വകുപ്പു ജോലികളിലും ഇപ്പോള്‍ ഇന്‍കെലിന്റെ സാന്നിധ്യമുണ്ട്.

35 ട്രഷറികളുടെ ആധുനികവത്കരണം നിശ്ചിത സമയത്തിനുമുമ്പ് പൂര്‍ത്തിയാക്കിയത് ഇന്‍കെലാണ്. കൂടാതെ, സംസ്ഥാനപാതാ വികസനത്തില്‍ ഇന്‍കെലും പെരുമ്പാവൂര്‍ ഇ.കെ.കെ ഗ്രൂപ്പും ചേര്‍ന്നുണ്ടാക്കിയ കണ്‍സോര്‍ട്യം 131 കോടി രൂപയുടെ റോഡ് നിര്‍മാണമാണ് നടത്തുന്നത്.

ആലുവ മണപ്പുറത്തെ സ്ഥിരം നടപ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് ഇന്‍കെലും സെഗ്യൂറോയും ചേര്‍ന്നാണ്. ഈ പദ്ധതിയും നിശ്ചിത സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. വില്ലിങ്ടണ്‍ ഐലന്‍ഡില്‍നിന്ന് എറണാകുളത്തേക്കുള്ള പുതിയ പാലത്തിന്റെ പണിയും ഈ കണ്‍സോര്‍ട്യത്തിനാണ്.

ഇന്‍ഫോപാര്‍ക്കിനു സമാനമായി അങ്കമാലിയില്‍ ഇന്‍കെല്‍ ബിസിനസ് പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. പ്‌ളഗ് ആന്‍ഡ് പ്‌ളേ സംവിധാനത്തിലാണ് ഇന്‍കെല്‍ ബിസിനസ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. മലപ്പുറത്തും ഇന്‍കെല്‍ വ്യവസായ സംരംഭക പാര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.
പണം നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി കണ്‍സല്‍ട്ടന്‍സി സേവനവും നല്‍കുന്നുണ്ട്.

വിദ്യാഭ്യാസരംഗത്തും സംരംഭമുണ്ട്. മലപ്പുറത്തെ പാണക്കാട്ട് തുടങ്ങിയ ഇന്‍കെല്‍ ഗ്രീന്‍സില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. പാലക്കാട്ടെ പച്ചക്കറിതോട്ടത്തില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങളും നല്‍കാന്‍ പദ്ധതിയുണ്ട്. കര്‍ഷക സഹായ കേന്ദ്രമുള്‍പ്പെടെയാണ് പാലക്കാട് പച്ചക്കറിത്തോട്ടം ഒരുക്കിയത്.

Top