A controversial law in Bihar

പട്‌ന: മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ അബ്കാരി നിയമം കര്‍ക്കശമാക്കാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ നീക്കം വിവാദമാവുന്നു.

നിയമം ലംഘിച്ച് മദ്യം ഉപയോഗിക്കുന്നവരുടെ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമ ഭേദഗതി.

മദ്യം ഉപയോഗിക്കുന്നതിന് കൂട്ടുനിന്നു, പൊലീസിനെ വിവരമറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കുടുംബാംഗങ്ങളെയും കേസില്‍ ഉള്‍പ്പെടുത്തുക.

നിയമസഭയുടെ ഇന്നു തുടങ്ങുന്ന മഴക്കാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍, പുതിയ നിയമത്തിനെതിരെ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. മദ്യനിരോധന വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ‘താലിബാന്‍ നിയമം’ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായാണ് ബിജെപിയുടെ പ്രമുഖ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി കുറ്റപ്പെടുത്തിയത്.

ആര്‍ജെഡി എംഎല്‍എ ഭായി വീരേന്ദ്ര ഉള്‍പ്പെടെ ഭരണപക്ഷത്തെ ചില നേതാക്കളും എതിര്‍പ്പ് പരസ്യമാക്കിയിട്ടുണ്ട്. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ ആര്‍ജെഡി എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

മദ്യപിച്ച ആളെ മാത്രമല്ല കുടുംബാംഗങ്ങളെയും ജയിലില്‍ അടയ്ക്കാനുള്ള നീക്കം വന്‍ ജനരോഷത്തിനു കാരണമാകുമെന്നാണ് ഭരണകക്ഷി നേതാക്കളുടെ ആശങ്ക.

നിയമം പൊലീസ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും പാവപ്പെട്ട കുടുംബങ്ങളിലെ ആളുകളാവും ഇതിന്റെ ദുരിതം പേറുകയെന്നും ഭായി വീരേന്ദ്ര ചൂണ്ടിക്കാട്ടുന്നു.

പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തമായി ഉപയോഗിച്ചിട്ടും മദ്യനിരോധനം വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയെ കടുത്ത നീക്കത്തിനു പ്രേരിപ്പിച്ചതെന്നാണു സൂചന.

യഥാര്‍ഥ വിലയുടെ ഇരട്ടി നല്‍കിയാല്‍ പട്‌നയില്‍ ഉള്‍പ്പെടെ മദ്യം സുലഭമായി ലഭിക്കുന്നുണ്ട്.

Top