24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 149 പേര്‍ക്ക്; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 873 ആയി

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം 21 ദിവസത്തെ ലോക് ഡൗണിലാണെങ്കിലും രോഗ വ്യാപനം മാത്രം തടയാന്‍ സാധിക്കുന്നില്ല. 24 മണിക്കൂറിനിടെ രാജ്യത്ത് 149 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 873 ആയി ഉയര്‍ന്നു.

കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് ഇതുവരെ 19പേരാണ് മരിച്ചത്. 775 പേര്‍ ചികിത്സയിലാണ്. രാജ്യത്താകമാനം 78 പേര്‍ രോഗ മുക്തി നേടുകയും ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.

നിലവിലെ സാഹാചര്യമനുസരിച്ച് കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിക്കാന്‍ ഒരു വര്‍ഷമെങ്കിലും ആകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

ഇതുവരേയും ഏറ്റവും കൂടുതല്‍ കൊറോണ ബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 180 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കേരളമാണ് രണ്ടാമത്. 176 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേ സമയം കേരളത്തില്‍ ശനിയാഴ്ച കൊറേണ ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ദുബായില്‍ നിന്ന് വന്ന 69 കാരനാണ് കൊച്ചിയില്‍ മരണപ്പെട്ടത്.

Top