Antrix-Devas case: ISRO in trouble

ഹേഗ്: ദേവാസ് ആന്‍ട്രിക്‌സ് ഇടപാട് കേസില്‍ ഐഎസ്ആര്‍ഒയ്ക്ക് തിരിച്ചടി. ഹേഗ് രാജ്യാന്തര കോടതിയുടേതാണ് ഇന്ത്യന്‍ സര്‍ക്കാരിനെതിരായ വിധി.

കേസില്‍ നഷ്ടപരിഹാരമായി ഐഎസ്ആര്‍ഒ നൂറുകോടി ഡോളര്‍ വരെ പിഴയൊടുക്കേണ്ടതായി വരും.

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സാണ് 2005ല്‍ ദേവാസുമായി കരാര്‍ ഒപ്പിട്ടത്. ഐഎസ്ആര്‍ഒയുടെ രണ്ട് ഉപഗ്രഹങ്ങളിലൂടെ ലഭിക്കുന്ന എസ് ബാന്‍ഡ് സ്‌പെക്ട്രം പ്രതിവര്‍ഷം 300 ദശലക്ഷം ഡോളര്‍ നിരക്കില്‍ 12 വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള അനുമതി ദേവാസിനു നല്‍കികൊണ്ടായിരുന്നു കരാര്‍.

എന്നാല്‍ ടുജി സ്പക്ട്രം കുംഭകോണം ഉയര്‍ന്നതോടെ 2011ല്‍ ദേവാസുമായുള്ള കരാര്‍ ആന്‍ട്രിക്‌സ് റദ്ദാക്കി. ഇതിനെതിരെ 2015ലാണ് ദേവാസ് മള്‍ട്ടി മീഡിയ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്.

1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ടുജി സ്‌പെക്ട്രം കുംഭകോണത്തിലൂടെ ഉണ്ടായെന്ന് അക്കൗണ്ട്‌സ് ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ടുജി ഇടപാടുകള്‍ റദ്ദാക്കിയത്.

തങ്ങളുടേതല്ലാത്ത കാരണത്താലാണ് ഇടപാട് റദ്ദാക്കിയതെന്ന് ഐഎസ്ആര്‍ഒ വിശദീകരിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇതിനു തുടര്‍ച്ചയായാണ് ഇന്ത്യന്‍ ഗവണ്‍മെന്റിനെതിരെ ആര്‍ബിട്രേഷന്‍ കോടതിയുടെ വിധി.

ഇന്ത്യയ്ക്ക് 100 കോടി ഡോളര്‍ പിഴയൊടുക്കേണ്ടി വരുന്ന ഈ വിധി ഐഎസ്ആര്‍ഒയുടെ അന്താരാഷ്ട്ര നിക്ഷേപത്തെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഇടപാട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനിയിലെ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഇടപാട് റദ്ദാക്കിയതിലൂടെ കമ്പനിയോട് ഇന്ത്യ മോശമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് കോടതി നിരീക്ഷിച്ചത്.

Top