87.58 മീറ്റര്‍; ജാവലിനില്‍ മെഡല്‍ പ്രതീക്ഷയുമായി നീരജ്

ടോക്യോ: ജാവലിന്‍ ത്രോ മത്സരത്തിനു ശേഷം ഒളിമ്പിക് പോഡിയത്തിന് മുകളില്‍ സ്വര്‍ണമണിയുന്നതിനു കാത്തിരിക്കുകയാണ് 130 കോടി ജനങ്ങള്‍. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ നീരജ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. മത്സരം പുരോഗമിക്കുകയാണ്. രണ്ടാം ശ്രമത്തില്‍ 87.58 മീറ്ററിലേക്ക് ജാവലിന്‍ എത്തിച്ചതോടെ നീരജ് മെഡല്‍ നേടുമെന്ന ഉറച്ച വിശ്വാസത്തിലായി ഇന്ത്യ. എന്നാല്‍ മൂന്നാം ശ്രമത്തില്‍ 76.79 മീറ്റര്‍ താണ്ടാനേ നീരജിന് കഴിഞ്ഞുള്ളൂ.

നീരജിന് ഭീഷണിയാവുമെന്നു കരുതിയിരുന്ന ജര്‍മ്മന്‍ താരം യൊഹാന്‍ വെറ്റര്‍ ഒമ്പതാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. ഇതോടെ അവസാന എട്ടിലെത്താന്‍ വെറ്റര്‍ക്കു കഴിഞ്ഞില്ല. നീരജ് ഇന്ന് മെഡല്‍ നേടിയാല്‍ അത് ചരിത്രമാകും. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജിനെ കാത്തിരിക്കുന്നത്.

അത്‌ലറ്റിക്‌സില്‍ ഇന്ത്യ 1900-ല്‍ മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോര്‍മന്‍ പ്രിച്ചാര്‍ഡ്. ഇന്ത്യ അന്ന് ബ്രിട്ടീഷ് കോളനിയായിരുന്നു. 1900 ജൂലായ് 22 ന് 200 മീറ്റര്‍ ഓട്ടത്തിലും ഹര്‍ഡില്‍സിലും വെള്ളിമെഡലാണ് പ്രിച്ചാര്‍ഡ് സ്വന്തമാക്കിയത്.

ജാവലിന്‍ ത്രോ ഫൈനലില്‍ 12 താരങ്ങളാണ് പങ്കെടുക്കുക. അതില്‍ എട്ടുപേര്‍ അവസാന റൗണ്ടിലേക്ക് കടക്കും. ഓരോ താരത്തിനും ആറ് അവസരങ്ങള്‍ വീതം ലഭിക്കും. ലോകചാമ്പ്യനായ ജര്‍മനിയുടെ ജോഹന്നെസ് വെറ്റെറാണ് നീരജ് ചോപ്രയുടെ പ്രധാന എതിരാളി. യോഗ്യതാ മത്സരത്തില്‍ മൂന്നാം ശ്രമത്തിലാണ് ജര്‍മന്‍ താരം ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ നീരജാകട്ടെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ ടിക്കറ്റെടുത്തു.

വെറ്റെറുടെ ഏറ്റവും ഉയര്‍ന്ന ദൂരം 96.29 മീറ്ററാണ്. ദേശീയ ചാമ്പ്യനായ നീരജിന്റെത് 88.07 മീറ്റര്‍ ദൂരമാണ്. ജര്‍മനിയുടെ ജൂലിയാന്‍ വെബ്ബെര്‍, ഫിന്‍ലന്‍ഡിന്റെ ലസ്സി എറ്റെലാറ്റാലോ, മാള്‍ഡോവയുടെ ആന്‍ഡ്രിയന്‍ മാര്‍ദാരെ, പാകിസ്താന്റെ അര്‍ഷാദ് നദീം എന്നിവരും നീരജിന്റെ പ്രധാന എതിരാളികളാണ്.

പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ, ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി താരം മാറി.

 

Top