TVS Entorq 210 Concept Scooter

എന്‍ടോര്‍ക്ക് 210. അതാണ് സ്‌കൂട്ടറിന്റെ പേര്. കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ടി.വി.എസ് ഈ വമ്പന്‍ സ്‌കൂട്ടറിനെ പരിചയപ്പെടുത്തിയത്.

കോണ്‍സെപ്റ്റ് മോഡലായ എന്‍ടോര്‍ക്ക് 210, അടുത്ത വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടി.വി.എസ്. വമ്പന്‍ എന്ന് നേരത്തേ പറഞ്ഞത് വെറുതേയല്ല.

വില മുതല്‍ സ്‌കൂട്ടറിന്റെ മികവുകളില്‍ വരെ ആഢ്യത്തം നിരവധിയാണ്. വില 1.20 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം.

മികച്ച കരുത്തുള്ള, ലിക്വിഡ് കൂളായ, ഫ്യുവല്‍ ഇന്‍ജക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ 212.5 സി.സി എന്‍ജിനാണുണ്ടാവുക. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗം.

8.5 ലിറ്ററിന്റേതാണ് ഇന്ധനടാങ്ക്. തനത് സ്‌കൂട്ടര്‍ രൂപകല്പനയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്‍ടോര്‍ക്ക് 210. അപ്പാച്ചേയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള വലിയ ടയറുകള്‍ എന്‍ടോര്‍ക്കില്‍ കാണാം.

അലോയ് വീലുകളാണ്. ഇരു ടയറുകളിലും പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍. എ.ബി.എസുമുണ്ട്.

എല്‍.ഇ.ഡി ഡേ ടൈം ലൈറ്റ്, അര്‍ദ്ധവൃത്താകൃതിയില്‍ ഹെഡ്‌ലൈറ്റ്, വലിയ വിന്‍ഡ്ഷീല്‍ഡ്, വശങ്ങളിലായി എയറോഡൈനമിക് കര്‍വുകള്‍ എന്നിവ പൗരുഷം നിറയുന്ന ലുക്ക് എന്‍ടോര്‍ക്കിനു നല്‍കുന്നു.

നഗരങ്ങള്‍ക്കും ഹൈവേകള്‍ക്കും ഏറെ അനുയോജ്യമായ വിധമാണ് റൈഡര്‍ സീറ്റ് ക്രമീകരണം. സ്മാര്‍ട്ട് ഫോണുമായി സ്‌കൂട്ടറിനെ ബന്ധിപ്പിക്കാവുന്ന സംവിധാനം എന്‍ടോര്‍ക്കിലുണ്ടാകുമെന്നാണ് സൂചന.

Top