german company’s NEw car Ameo

ഫോക്‌സ്വാഗന്റെ ആഡംബര വേഗ കാറുകള്‍ക്ക് മാത്രമല്ല, സാധാരണ യാത്ര കാറുകള്‍ക്കും വന്‍ ഡിമാന്‍ഡ് തന്നെയാണ്, എന്നാലും ഈ വിഭാഗത്തില്‍ കുറഞ്ഞവിലയില്‍ കാറുകള്‍ ഇറക്കാന്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്ത ഫോക്‌സ്വാഗന് അധികം സാധിച്ചിട്ടില്ല.

എന്നാല്‍ 5.4 ലക്ഷത്തിന് അമിയോ എന്ന സെഡാന്‍ കാര്‍ സാധാരണക്കാര്‍ക്കായി നിരത്തിലിറക്കിയിരിക്കുകയാണ് ഈ ജര്‍മ്മന്‍ കമ്പനി. ഡിക്കിയില്ലാത്ത കാറു പോലും ഈ വിലയ്ക്കു കിട്ടാത്തപ്പോള്‍ നല്ലൊരു ഡിക്കിയും പ്രീമിയം കാറുകള്‍ക്കൊത്ത സൗകര്യവും എല്ലാത്തിനുമുപരി ജര്‍മന്‍ എന്‍ജിനിയറിങ്ങിന്റെ പിന്‍ബലവുമായാണ് അമിയോ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

എയര്‍കൂള്‍ഡ് എന്‍ജിനും ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യതയും കുറഞ്ഞ അറ്റകുറ്റചെലവുമുള്ള സ്‌കൂട്ടറോടിക്കുന്ന ചെലവില്‍ കാറോടിക്കാമെന്നു തെളിയിക്കുകയും ചെയ്ത ബീറ്റില്‍, ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു തയ്യാറാക്കിയ പോളോ, ഇവയ്‌ക്കെല്ലാം ശേഷം ഇന്ത്യയില്‍ കൊടികുത്തി വാഴുക തന്നെയാണ് അമിയോയുടെ ലക്ഷ്യം.

പോളോയുടെ സെഡാന്‍ രൂപമാണ് അമിയോ. നാലു മീറ്ററിലും താണ നീളത്തില്‍ ഒതുക്കമുള്ള ഒഴുക്കന്‍ രൂപം. നീളം കുറവായതിനാല്‍ നികുതിയുടെ ആനുകൂല്യം വേറെയും ലഭിക്കും.

കാഴ്ചയില്‍ പെട്ടെന്ന് പോളോയെന്നു തന്നെ തോന്നിക്കും. ബംമ്പറുകളിലെ നേരിയ വ്യത്യാസവും പിന്നിലെ ഡിക്കിയും മാത്രം മാറ്റങ്ങള്‍. അമിയോയുടെ ഉള്‍വശം പൂര്‍ണ്ണമായും വെന്റോയോടും പോളോയോടും കടപ്പെട്ടിരിക്കുന്നു.

ജര്‍മന്‍ കാറുകളില്‍ കാണാനാവുന്ന റിച്ച്‌നെസ്. കറുപ്പും മങ്ങിയ ബീജും ചേര്‍ന്ന ഫിനിഷ്. എസി നിയന്ത്രണങ്ങള്‍ സാധാരണ റോട്ടറി സ്വിച്ചുകള്‍ വഴി. ഹെഡ്‌ലാംപ് സ്വിച്ചും എല്ലാ ജര്‍മന്‍ കാറുകളെയും പോലെ ഡാഷ്‌ബോര്‍ഡില്‍ സ്റ്റീയറിങ്ങിനു പിറകില്‍.

സ്റ്റീയറിങ് ലളിതമാണ്. നല്ല സപ്പോര്‍ട്ടുള്ള വലിയ സീറ്റുകള്‍. ആവശ്യത്തിനു ലെഗ്‌റൂം. ഡിക്കിയും തീരെ ചെറുതല്ല. സ്റ്റോറേജ് സ്ഥലങ്ങളല്ലൊം വലുതാണെന്നു കണ്ടത്തൊം.

റിവേഴ്‌സ് ക്യാമറ, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, പിന്‍ എ സി വെന്റ്, ക്രൂസ് കണ്‍ട്രോള്‍, സ്റ്റിയറിങ് സ്റ്റീരിയോ നിയന്ത്രണങ്ങള്‍, എ ബി എസ്, എയര്‍ ബാഗ്. വലിയ കാറുകളിലും കാണാത്ത പ്രീമിയം സൗകര്യങ്ങള്‍ അമിയോയില്‍ ഒരുക്കിയിരിക്കുന്നു.

1.2 ലീറ്റര്‍ മൂന്നു സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ പൊതുവെ ശാന്തനെങ്കിലും റെവ് അപ് ചെയ്താല്‍ സ്‌പോര്‍ട്ടി ശബ്ദമുണ്ടാക്കുന്നത് ഡ്രൈവിങ് ത്രില്‍ ഗണ്യമായി ഉയര്‍ത്തുന്നുണ്ട്.

പൂജ്യത്തില്‍ നിന്നു 100 കീ.മി ലെത്താന്‍ 14.2 സെക്കന്‍ഡ് എന്നത് രാജ്യാന്തര നിലവാരമൊന്നുമല്ലെങ്കിലും നമ്മുടെ പരിസ്ഥിതിയില്‍ ആവശ്യത്തിലുമധികമാണല്ലോ. ചെറിയ കാറെന്നു കരുതി യാത്രാസുഖം കുറയുമെന്നു കരുതരുത്.

ഏതു ഗട്ടറും വിഴുങ്ങുന്ന സസ്പന്‍ഷെനാണ് അമിയോയ്ക്ക്. ഉയര്‍ന്ന വഗേത്തിലാണ് ഓട്ടമെന്നു പലപ്പോഴും തിരിച്ചറിയില്ല. റോഡ് ഹാന്‍ഡ്‌ലിങ്ങും ഒന്നാന്തരം.വളരെ ലളിതമായി ബഹളമില്ലാതെ ശക്തി കയറിപ്പോകുന്നതിനാല്‍ ഡ്രൈവിങ് അനായാസം.

ഗിയര്‍ ഷിഫ്റ്റ് അധികമില്ലാതെ സ്ലോ സ്പീഡിലും ഓടുമെന്നതും ശ്രദ്ധേയമാകുന്നു. കേരളത്തിലെ വില ട്രെന്‍ഡ്‌ലൈന്‍ മോഡലിന് 5.43 ലക്ഷവും കംഫര്‍ട്ട്‌ലൈന്‍ 6.20 ലക്ഷവും ഹൈലൈന്‍ 7.27 ലക്ഷവുമാണ്.

Top