Navjot Singh Sidhu welcome to join Congress

ചണ്ഡിഗഢ്: ബിജെപി രാജ്യസഭാംഗത്വം രാജിവച്ച നവജ്യോത് സിങ് സിദ്ദുവിനെ സ്വാഗതം ചെയ്ത് പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം.

നേരത്തെ, സിദ്ദു എഎപിയില്‍ ചേര്‍ന്നേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മല്‍സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിദ്ദുവിനു താല്‍പ്പര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് സംസ്ഥാന പ്രസിഡന്റ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാതില്‍ എല്ലാവരുടെയും മുന്നില്‍ തുറന്നിട്ടിരിക്കുകയാണെന്ന് പറഞ്ഞ സിങ് പക്ഷേ, വിഷയത്തില്‍ സിദ്ദുവുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു വ്യക്തമാക്കി. തന്റെ അറിവോടെ ആരും സിദ്ദുവുമായി സംസാരിച്ചിട്ടില്ല.

പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരിയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമൃത്സറില്‍ നിന്നുള്ള ബിജെപി എംപിയായിരുന്ന സിദ്ദുവില്‍നിന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരുണ്‍ ജയറ്റ്‌ലിയെ മല്‍സരിപ്പിക്കാനായി മണ്ഡലം തിരികെയെടുത്തിരുന്നു.

ജയ്റ്റ്‌ലിക്കു വേണ്ടി സിദ്ദു പ്രചാരണത്തിനും ഇറങ്ങിയിരുന്നില്ല. ഇതൊക്കെ ജയ്റ്റ്‌ലിയുടെ തോല്‍വിക്ക് ആക്കം കൂട്ടിയിരുന്നു.

ഇടഞ്ഞുനിന്ന സിദ്ദുവിനെ രാജ്യസഭാംഗത്വം നല്‍കി സമാധാനിപ്പിക്കുകയായിരുന്നു ബിജെപി അന്നു ചെയ്തത്.

ഇത്തവണത്തെ മന്ത്രിസഭാ പുനഃസംഘടനയിലും പരിഗണന ലഭിക്കാതായതോടെയാണ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചത്.

Top