CM’s legal adviser ad. M K Damodaran- Santiago Martin issue-and cashew scam-ready to resign

കൊച്ചി : മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ രാജി വയ്ക്കാന്‍ സാധ്യത

സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ രണ്ട് തവണ ഹൈക്കോടതിയില്‍ ഹാജരായ ദാമോദരന്‍ , ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ വക്കാലത്ത് ഏറ്റെടുത്തത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന നേതാക്കളുമായും ഏറെ അടുപ്പമുള്ള ദാമോദരനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലങ്കിലും വിവാദം മുന്‍ നിര്‍ത്തി സ്വയം ഒഴിയാനാണ് ദാമോദരന്റെ നീക്കമെന്നാണ് സൂചന.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ലാത്തതിനാല്‍ ദാമോദരന്‍ ഹാജരായതില്‍ തെറ്റില്ലന്നായിരുന്നു ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രതികരണം.

എന്നാല്‍ സംസ്ഥാന വിജിലന്‍സ് തന്നെ നേരിട്ട് ചാര്‍ജ്ജ് ചെയ്ത കോണ്‍ഗ്രസ് നേതാവ് കൂടിയായ ആര്‍ ചന്ദ്രശേഖരന് എതിരായ കേസ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഏറ്റെടുത്തതോടെ സിപിഎം നേതൃത്വം വെട്ടിലാവുകയായിരുന്നു.

അഴിമതിക്കെതിരായി പ്രചാരണം നടത്തി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടിനെതിരെ സിപിഎം അണികളിലും നേതാക്കളിലും രൂക്ഷമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുള്ളത്.

വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആയാലും അദ്ദേഹത്തിന്റെ ജൂനിയര്‍ ആയാലും ഈ കേസില്‍ ഹജരാവരുതെന്ന നിര്‍ദ്ദേശം സിപിഎം നേതൃത്വം ദാമോദരനോട് ആവശ്യപ്പെട്ടതായ വിവരവും പുറത്ത് വന്നിട്ടുണ്ട്.

ഈ ഒരു പശ്ചാത്തലത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ബുദ്ധിമുട്ടുണ്ടാക്കേണ്ടതില്ലന്ന തീരുമാനത്തിന്റെ ഭാഗമായാണ് നിയമോപദേഷ്ടാവ് സ്ഥാനം സ്വയം ഒഴിയാന്‍ ദാമോദരന്‍ ആലോചിക്കുന്നത്. ഉടന്‍ തന്നെ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും.

ഹൈക്കോടതിയില്‍ മുന്‍നിര അഭിഭാഷകരില്‍ പ്രമുഖനായ എം.കെ ദാമോദരന്റെ ഓഫീസിന് സര്‍ക്കാര്‍ കക്ഷിയായ കേസുകള്‍ ഏറ്റെടുക്കാന്‍ പറ്റില്ല എന്ന ‘യാഥാര്‍ത്ഥ്യവും’ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടത്രെ.

അഡ്വക്കേറ്റ് ജനറലായി ആദ്യം മുഖ്യമന്ത്രി പിണറായി പരിഗണിച്ചത് തന്നെ ദാമോദരനെയായിരുന്നു. എന്നാല്‍ താന്‍ ഏറ്റെടുക്കുന്ന കേസുകളെ ബാധിക്കുമെന്ന് കണ്ട് അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ രക്ഷകനായ ദാമോദരനെ ഇതിന് ശേഷമാണ് നിയമോപദേഷ്ടാവായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് . പ്രതിഫലം നല്‍കാത്ത പദവിയായിരുന്നു ഇത്.

ഇത്തരമൊരു പദവി സൃഷ്ടിച്ചത് തന്നെ നിയമ വിരുദ്ധമാണെന്ന് ചൂണ്ടി കാട്ടി പ്രമുഖ അഭിഭാഷകനായ രാം കുമാര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ദാമോദരന്‍ മാറിനില്‍ക്കണമെന്ന അഭിപ്രായം പരസ്യമായി പറയാന്‍ സിപിഎം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കഴിയാത്ത സാഹചര്യമുള്ളതിനാല്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് നേതാക്കള്‍ സ്വയം മാറി നിന്നിരുന്നു.

മാതൃഭൂമി ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ആനത്തലവട്ടം ആനന്ദന്‍ മാത്രമാണ് ഇക്കാര്യത്തില്‍ ദാമോദരനാണ് തീരുമാനമെടുക്കേണ്ടതെന്നെങ്കിലും പ്രതികരിച്ചത്.

മുഖ്യമന്ത്രി പിണറായിയുമായി സംസാരിച്ചതിന് ശേഷം സ്ഥാനം ഒഴിയാനാണ് ദാമോദരന്റെ നീക്കമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

Top