Shaktiman, Horse Buried With Full Police Honours, Gets And Loses Statue

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി എംപിയുടെ ആക്രമണത്തിനിരയായ പൊലീസ് കുതിര ശക്തിമാനോടുള്ള ആദരസൂചകമായി സ്ഥാപിച്ച പ്രതിമ നീക്കം ചെയ്തു.

സംസ്ഥാനത്ത് ധീര ജവാന്മാര്‍ക്ക് സ്മാരകങ്ങള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ ഒരു കുതിരയ്ക്ക് ബഹുമാനസൂചകമായി പ്രതിമ സ്ഥാപിച്ചതിന് ഉണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പ്രതിമ ഇന്ന് രാവിലെ നീക്കം ചെയ്തത്.

പൊലീസ് പരേഡിനിടെ മസൂറിലെ ബിജെപി എംഎല്‍എ ഗണേഷ് ജോഷിയായിരുന്നു ശക്തിമാന്റെ കാല് തല്ലിയൊടിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം.

പരിക്കേറ്റ കാല്‍ മുറിച്ചു മാറ്റി കൃത്രിമ കാലുമായി ശക്തിമാന്‍ കുറച്ചു ദിവസങ്ങളെ അതിജീവിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏപ്രില്‍ 20 നാണ് ശക്തിമാന്‍ വിടപറഞ്ഞത്.

ഗണേഷ് ജോഷി ശക്തിമാനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. മൃഗസ്‌നേഹികളുടെ പരാതിയില്‍ ഗണേഷിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ പിന്നീട് ജാമ്യം നേടി.

Top