vs sunil kumar surprise raid at trivandrum anayara market

തിരുവനന്തപുരം: ആനയറ മാര്‍ക്കറ്റിലെ ഹോര്‍ട്ടിക്കോര്‍പ്പിന്റെ സംഭരണ വിതരണ ശാലയില്‍ കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി.

ഇന്ന് രാവിലെ ആറരയോടുകൂടിയാണ് മന്ത്രിയും സെക്രട്ടറി രാജു നാരായണസ്വാമിയും ആനയറയില്‍ പരിശോധനയ്‌ക്കെത്തിയത്.
കര്‍ഷകരില്‍ നിന്നെന്ന പേരില്‍ ചാല മാര്‍ക്കറ്റില്‍ നിന്നുള്ള മൊത്തക്കച്ചവടക്കാരില്‍ നിന്നും പച്ചക്കറി വാങ്ങി വില്‍ക്കുകയാണ് ഇവിടെ ചെയ്തിരുന്നതെന്ന് മന്ത്രി കണ്ടെത്തി.

നാടന്‍ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി വില്‍ക്കുകയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ചുമതല. എന്നാല്‍ ഇത് ലംഘിച്ച് ചാലയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി ഇവിടെ വില്‍ക്കുന്നത്.

ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും കര്‍ഷകരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന്റെ രേഖകളൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ രജിസ്റ്ററില്‍ നിന്നും രണ്ട് മൊത്തകച്ചവടക്കാരുടെ നമ്പറുകള്‍ ലഭിച്ചെന്നും മന്ത്രി പറഞ്ഞു.ഈ നമ്പറുകളിലേയ്ക്ക് മന്ത്രി നേരിട്ട് വിളിച്ച് നിജസ്ഥിതി അറിയുകയായിരുന്നു.

ചാലയില്‍ നിന്നുമുള്ള മൂന്നാം തരം സാധനങ്ങളാണ് ഇവിടെ വില്‍ക്കുന്നതെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.

Top