Supreme Court delivers a rude shock to Salman Khan just before ‘Sultan’ release

ന്യൂഡല്‍ഹി: വാഹനാപകട കേസില്‍ നടന്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ റദ്ദാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു.

മഹരാഷ്ട്ര സര്‍ക്കാരാണ് പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചത്. കേസ് അടിയന്തിര സ്വഭാവത്തില്‍ പരിഗണിക്കണമെന്ന അറ്റോര്‍ണി ജനറലുടെ ആവശ്യം കോടതി നിരാകരിച്ചു.

ഇക്കാര്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് ജസ്റ്റിസ് കെഹാര്‍ വ്യക്തമാക്കി. സല്‍മാനു വേണ്ടി കബില്‍ സിബലാണ് സുപ്രിംകോടതിയില്‍ ഹാജരായത്.

2015 ഡിസംബര്‍ 10നാണ് സല്‍മാന്റെ ശിക്ഷ റദ്ദാക്കി കൊണ്ട് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ കോടതിയുടെ ഭാഗത്തു നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായിയെന്നും മൊഴി വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി നടപടി.

2002ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് സല്‍മാന്‍ ഖാന്‍ കാറോടിച്ചുവെന്നും അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബാന്ദ്രയിലെ അമേരിക്കന്‍ ബേക്കറിയുടെ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് കേസ്. അപകടത്തില്‍ ബേക്കറി ജീവനക്കാരന്‍ മരിക്കുകയും മറ്റ് നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top