84,000 രൂപ കൈക്കൂലി വാങ്ങി, പിന്നാലെ എഞ്ചിനീയര്‍ പിടിയില്‍

ഹൈദരാബാദ്: കൈക്കൂലി വാങ്ങിയതിന് പിന്നാലെ എഞ്ചിനീയര്‍ പിടിയില്‍. 84,000 രൂപ കൈക്കൂലി വാങ്ങിയതിന് പിന്നാലെയാണ് കെ ജഗ ജ്യോതി എന്ന എഞ്ചിനീയര്‍ പിടിയിലായത്. തെലങ്കാനയിലെ ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് ജ്യോതി.

ജോലിയുമായി ബന്ധപ്പെട്ട ഒരു ആവശ്യം നിറവേറ്റുന്നതിന് പകരമായി ജ്യോതി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി പ്രകാരമാണ് അറസ്റ്റെന്ന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറിയിച്ചു. ജ്യോതി പണം വാങ്ങുന്നത് കയ്യോടെ പിടികൂടുകയും ചെയ്തു. പിടിക്കപ്പെട്ടതോടെ ജ്യോതി തേങ്ങിക്കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എസിബിയുടെ നിര്‍ദേശ പ്രകാരം ഫിനോല്‍ഫ്തലിന്‍ പുരട്ടിയ നോട്ടുകളാണ് ജ്യോതിക്ക് കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിരലിന്റെ നിറം പിങ്ക് കളറായി മാറി. അനര്‍ഹമായ സാമ്പത്തിക നേട്ടത്തിനായി ജഗജ്യോതി അനുചിതമായും സത്യസന്ധതയില്ലാതെയും പ്രവര്‍ത്തിച്ചെന്ന് എസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൈക്കൂലിയായി വാങ്ങിയ 84,000 രൂപ ഇവരുടെ ഓഫീസില്‍ നിന്ന് കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത ജ്യോതിയെ ഹൈദരാബാദിലെ കോടതിയില്‍ ഹാജരാക്കും.

Top