1000 ഒറിഗാമി രൂപങ്ങള്‍ രാജമൗലിക്ക് സമ്മാനമായി നല്‍കി 83 വയസുള്ള ജപ്പാന്‍ ആരാധിക

റിലീസായി രണ്ടുവര്‍ഷമാവുമ്പോഴും ആര്‍.ആര്‍.ആര്‍ എന്ന ചിത്രം ശ്രദ്ധ നേടുകയാണ്. ചിത്രത്തോടുള്ള ഇഷ്ടം പല രീതിയിലാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. ഈയിടെ ജപ്പാനില്‍വെച്ച് ഒരു ആരാധിക സംവിധായകന്‍ രാജമൗലിക്കും ഭാര്യ രമയ്ക്കും ഒരു സമ്മാനം നല്‍കി. അല്പം കൗതുകമുള്ള ആ സമ്മാനത്തേക്കുറിച്ചും അത് നല്‍കിയയാളേക്കുറിച്ചുമുള്ള രാജമൗലിയുടെ കുറിപ്പും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആര്‍.ആര്‍.ആറിന്റെ പ്രത്യേക പ്രദര്‍ശനത്തിനാണ് സംവിധായകന്‍ എസ്.എസ്.രാജമൗലിയും ഭാര്യ രമയും ജപ്പാനിലെത്തിയത്. ഈയവസരത്തിലാണ് 83 വയസുള്ള ഒരു ആരാധിക സംവിധായകനും ഭാര്യക്കും സമ്മാനവുമായെത്തിയത്. 1000 ഒറിഗാമി രൂപങ്ങള്‍ നല്‍കിയാണ് അവര്‍ രാജമൗലിയോടുള്ള തന്റെ സ്‌നേഹം അറിയിച്ചത്. അതും കൊടുംതണുപ്പ് സഹിച്ച് ഏറെനേരം കാത്തുനിന്നശേഷം. സിനിമയുടെ പേരെഴുതിയ ടി ഷര്‍ട്ടാണ് വൃദ്ധ ധരിച്ചത്. താന്‍ ആര്‍ ആര്‍ ആര്‍ സിനിമയുടെ ഫാന്‍ ആണെന്നും ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എഴുതിയ ഒരു കാര്‍ഡും വൃദ്ധ നല്‍കി.

‘ജപ്പാനില്‍, പ്രിയപ്പെട്ടവര്‍ക്ക് ഭാഗ്യവും ആരോഗ്യവും ഉണ്ടാകാന്‍ അവര്‍ ഒറിഗാമി ഉണ്ടാക്കി സമ്മാനിക്കുന്നു. 83 വയസുള്ള ഈ സ്ത്രീ ഞങ്ങളെ അനുഗ്രഹിക്കാന്‍ വേണ്ടി ആയിരക്കണക്കിന് ഒറിഗാമികള്‍ ഉണ്ടാക്കി. കാരണം അവര്‍ക്ക് ആര്‍ ആര്‍ ആര്‍ ഒരുപാട് ഇഷ്ടമായി. അവര്‍ക്ക് ഒരുപാട് സന്തോഷം നല്‍കിയ സിനിമയാണത്. അവര്‍ ഒരു സമ്മാനം തരാനായി ഞങ്ങള്‍ താമസിക്കുന്നിടത്ത് വന്ന് ആ തണുപ്പില്‍ കാത്തിരിക്കുകയായിരുന്നു. ചില സ്‌നേഹത്തിന് പകരമായി എന്ത് നല്‍കിയാലും അത് മതിയാകില്ല.’ രാജമൗലിയുടെ വാക്കുകള്‍.

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ നായകരാക്കി എസ്.എസ് രാജമൗലി ഒരുക്കിയ ചിത്രമാണ് ആര്‍.ആര്‍.ആര്‍. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

Top