Himalayan nations, including India, may face unprecedented food crisis

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പടെയുള്ള ഹിമാലയന്‍ രാജ്യങ്ങളില്‍ അപ്രതീക്ഷിത ഭക്ഷ്യപ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. പര്‍വതങ്ങളുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്.

കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരെയുള്‍പ്പടെ ഇത്തരം രാജ്യങ്ങള്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ ഭക്ഷ്യ, ജല, ഊര്‍ജ്ജമേഖലകളില്‍ ഭാവിയിലുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പിടിവിട്ടുപോകുമെന്ന് കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡേവിഡ് മോള്‍ഡന്‍ പറഞ്ഞു.

പര്‍വതങ്ങളിലെയും താഴ്‌വരയിലെയും രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ 40 ശതമാനം ദരിദ്രജനങ്ങള്‍ ഈ മേഖലയിലാണ് വസിക്കുന്നത്.പകുതിയിലധികം പേരും ഭക്ഷ്യദൗര്‍ലഭ്യം നേരിടുന്നുണ്ട്. ലോകത്തെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നും ഹിമാലയന്‍ രാജ്യങ്ങളിലാണെന്ന കാര്യവും ഓര്‍ക്കണം. ഇതെല്ലാം കണക്കിലെടുത്ത് ലോകം ഗൗരവത്തോടെയാണ് പ്രശ്‌നത്തെ കാണേണ്ടത്. ആര്‍ട്ടിക് രാജ്യങ്ങള്‍ ചേര്‍ന്ന് ആര്‍ട്ടിക് കൗണ്‍സില്‍ ഉണ്ടാക്കിയത് പോലെ ഹിമാലയന്‍ രാജ്യങ്ങളുടെ കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മോള്‍ഡന്‍ പറഞ്ഞു.

ഹിമാലയന്‍ നദികളായ ഗംഗ, ബ്രഹ്മപുത്ര,സിന്ധു നദീതടങ്ങളില്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വേണ്ട സാങ്കേതിക സഹായം നല്‍കാന്‍ ആസ്‌ത്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഹരീന്ദര്‍ സിന്ധു പറഞ്ഞു.

Top