ദേശീയപാത വികസനത്തിന് 804 കോടി; നിതിന്‍ ഗഡ്കരിക്ക് നന്ദി പറഞ്ഞ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് കേന്ദ്രസർക്കാർ 804 കോടി 76 ലക്ഷം രൂപ അനുവദിച്ചു. വിവിധ ദേശീയപാതകളുടെ സ്ഥലം ഏറ്റെടുക്കലിനായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ച പദ്ധതിക്ക് അംഗീകാരം നൽകിയ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത 766 ൽ കോഴിക്കോട് മലാപ്പറമ്പു നിന്നും വയനാടു ചുരത്തിന് താഴെ വരെ പുതുപ്പാടി വരെയുള്ള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായി 454 കോടി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അടിമാലി-കുമളി പാതയുടെ നവീകരണത്തിന് ഭൂമി ഏറ്റെടുക്കലിനായി 350 കോടി 75 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

വയനാടിന്റെ ടൂറിസം സാധ്യതകളെപ്പറ്റി കേന്ദ്രമന്ത്രി ഗഡ്കരിയോട് വിശദമായി വിശദീകരിച്ചിരുന്നു. കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ ബൈപ്പാസ് നിർമ്മിക്കാനുള്ള നിർദേശവും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്രം അനുമതി നൽകിയ രണ്ടു പദ്ധതികളും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പരമാവധി വേഗത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്ഥാനത്ത് മൂന്നുലക്ഷം കിലോമീറ്ററോളം റോഡുകളുണ്ട്. അതിൽ 30,000 കിലോമീറ്ററാണ് പൊതുമരാമത്തു വകുപ്പിന് കീഴിലുള്ളത്. എന്നാൽ നമ്മുടെ റോഡുകൾക്ക് ശരിയായ ഡ്രെയിനേജ് സംവിധാനമില്ല. ഇതുമൂലം റോഡുകൾ പെട്ടെന്ന് തകർന്നുപോകുന്ന സ്ഥിതിയുണ്ട്. ഇതിന് പരിഹാരം കാണാനായി റോഡു പരിപാലത്തിന്റെ കോൺട്രാക്ട് കാലാവധി തീരുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഒരു വർഷത്തേക്ക് ആര് പരിപാലനം നടത്തണമെന്ന് തീരുമാനിക്കാനുള്ള ഒരു സംവിധാനം കൊണ്ടു വന്നിട്ടുണ്ട്.

ഇതാണ് റണ്ണിഗ് കോൺട്രാക്ട്. ഈ സംവിധാനം ഏർപ്പെടുത്തിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ 20,000 ത്തോളം പിഡബ്ലിയുഡി റോഡുകളിൽ റണ്ണിംഗ് കോൺട്രാക്ട് നിലവിലുണ്ട്. പ്രീ മൺസൂൺ പ്രവർത്തനങ്ങൾ നേരത്തെ തന്നെ പരിശോധിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മഴക്കാല പൂർവ പ്രവർത്തനങ്ങൾ പൂർത്തികരിക്കാനായി പൊതുമരാമത്ത് വകുപ്പ് ഊർജ്ജിത ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സൂപ്രണ്ടിംഗ് എഞ്ചിനീയർമാർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Top