80:20 ന്യൂനപക്ഷ അനുപാതം കൊണ്ടുവന്നത് യുഡിഎഫ്: പാലോളി മുഹമ്മദ് കുട്ടി

തിരുവനന്തപുരം: ഹൈക്കോടതി റദ്ദാക്കിയ ന്യൂനപക്ഷ അനുപാതം യുഡിഎഫ് സര്‍ക്കാരാണ് കൊണ്ടുവന്നതെന്നും സാമുദായിക വിഭജനം ഉണ്ടാക്കുന്നതായിരുന്നുവെന്നും മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നായിരുന്നു എല്‍ഡിഎഫ് നിലപാട്.

80:20 അനുപാതം എല്‍ഡിഎഫ് നിര്‍ദേശമല്ല. ലീഗിന് വഴങ്ങിയാണ് യുഡിഎഫ് 80:20 അനുപാതം നടപ്പാക്കിയതെന്നും പാലോളി പറഞ്ഞു. ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

സ്‌കോളര്‍ഷിപ് വിതരണത്തില്‍ നിലവിലെ 80:20 അനുപാതം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി റദ്ദാക്കുകയും ചെയ്തു. മുസ്ലിംകള്‍ക്ക് 80%, ലത്തീന്‍ കത്തോലിക്കാ, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി 20% എന്നിങ്ങനെ തരംതിരിച്ച് അനുപാതം നിശ്ചയിച്ചത് ഉള്‍പ്പെടെ 3 സര്‍ക്കാര്‍ ഉത്തരവുകള്‍ ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്.

സംസ്ഥാനത്തെ ജനസംഖ്യാ അനുപാതം അനുസരിച്ചു ക്രൈസ്തവര്‍ക്ക് അര്‍ഹമായതു കണക്കിലെടുക്കാതെ, മുസ്ലിം വിഭാഗത്തിന് 80% സ്‌കോളര്‍ഷിപ് നല്‍കുന്നതു ഭരണഘടനാ വിരുദ്ധമാണ്. ന്യൂനപക്ഷ കമ്മിഷന്റെ നിയമ വ്യവസ്ഥകളെ സര്‍ക്കാര്‍ ഉത്തരവു കൊണ്ടു മറികടക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ന്യൂനപക്ഷങ്ങളെ മുസ്ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കണമെന്നും വാദിച്ചു പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കലാണ് ഹര്‍ജി നല്‍കിയത്.

 

Top