രാജ്യത്തെ 800 എഞ്ചിനീയറിങ് കോളേജുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു

ബെംഗളൂരു: രാജ്യത്തെ 800 എഞ്ചിനീയറിങ് കോളേജുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി തങ്ങളുടെ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാനുള്ള അനുമതി തേടി കോളേജ് മാനേജ്‌മെന്റുകള്‍ അപേക്ഷ സമര്‍പ്പിച്ചു.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന് ( എഐസിടിഇ) മുന്നിലാണ് കോളേജുകള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

അഞ്ചുവര്‍ഷം തുടര്‍ച്ചയായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 30 ശതമാനം കുറവുവന്നാല്‍ അടച്ചുപൂട്ടാനുള്ള അപേക്ഷ സമര്‍പ്പിക്കാനാകും. സാധാരണ ഗതിയില്‍ സമീപത്തുള്ള എഞ്ചിനീയറിങ് കോളജുകളുമായി ലയിപ്പിക്കാനാണ് എഐസിടിഇ മുന്‍ഗണന നല്‍കുക. അടച്ചുപൂട്ടണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കുക വിശദമായ പഠനങ്ങള്‍ക്ക് ശേഷമാകും.

അടച്ചുപൂട്ടാനുള്ള അനുമതി തേടിയെത്തിയ കോളജുകളില്‍ ഭൂരിഭാഗവും കര്‍ണാടകയില്‍ നിന്നാണ്. 600 കോളജുകളാണ് കര്‍ണാടകത്തില്‍ നിന്ന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

അപേക്ഷ നല്‍കിയിട്ടുള്ള കോളേജുകള്‍ക്ക് മുന്നില്‍ ലയനമെന്ന നിര്‍ദ്ദേശം എഐസിടിഇ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതാണ് അവര്‍ സ്വീകരിക്കുന്നതെങ്കില്‍ തീരുമാനം അടുത്ത അധ്യനവര്‍ഷത്തില്‍ നടപ്പിലാക്കും.

രാജ്യത്തെ എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായാണ് കോളേജുകളെ പരസ്പരം ലയിപ്പിക്കുന്നത്. അതേസമയം നിരവധി എഞ്ചിനീയറിങ് കോളേജുകള്‍ക്ക് പ്രവേശനം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളായി സാധിച്ചിട്ടില്ല. ഇതൊരു വെല്ലുവിളിയാണെന്ന് എഐസിടിഇ അധികൃതര്‍ പറയുന്നു.

നിലവില്‍ 10,361 എഞ്ചിനീയറിങ് കോളേജുകളാണ് ഉള്ളത്. ഇതില്‍ കൂടുതലും മഹാരാഷ്ട്ര (1,500) തമിഴ്‌നാട് (1,300), ഉത്തര്‍പ്രദേശ്( 1,165), ആന്ധ്രാപ്രദേശ് ( 800) എന്നീ സംസ്ഥാനങ്ങളിലാണ് ഉള്ളത്.

രാജ്യത്ത് 37 ലക്ഷം എഞ്ചിനീയറിങ് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 27 ലക്ഷം സീറ്റുകളും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എഞ്ചിനീയറിങ് പഠനത്തിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് കോളേജുകളെ പ്രതിസന്ധിയിലാക്കിയത്.

Top