സമ്പര്‍ക്കം: കോഴിക്കോട് മെഡി. കോളേജിലെ 80 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ

കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം നിരവധി പേര്‍ നിരീക്ഷണത്തിലായി.മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ ആരോഗ്യപ്രവര്‍ത്തകരാണ് സ്വയം നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ മണിയൂര്‍ സ്വദേശിനിയായ 28 കാരിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഗൈനക്കോളജി ഡോക്ടര്‍മാര്‍ക്കും സര്‍ജന്‍മാര്‍ക്കും പുറമെ ജനറല്‍ സര്‍ജര്‍മാരും ഡോക്ടര്‍മാരും യുവതിയെ പരിശോധിക്കാനായി എത്തിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളും നഴ്സുമാരും ലിസ്റ്റില്‍ വരും. തുടര്‍ന്നാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്.

ഇവരില്‍ അന്‍പതോളം പേരുടെ സാംപിളുകള്‍ ഇതിനോടകം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സ്രവം ഇന്ന് പരിശോധനയ്ക്കയക്കും. ബാക്കിയുള്ളവരുടെ സാംപിളുകള്‍ ഇന്ന് ശേഖരിക്കും.

മെയ് 24-നാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ജൂണ്‍ രണ്ടിന് നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ ഈ യുവതിയ്ക്ക് എവിടെ നിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ഡിഎംഒ ജയശ്രീ അറിയിച്ചു. ഇവര്‍ക്ക് കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Top