സംസ്ഥാനത്ത് 80.17% പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷനില്‍ നിര്‍ണായക ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ (2,30,09,295) നല്‍കാന്‍ കഴിഞ്ഞു. 32.17 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും (92,31,936) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,22,41,231) ഡോസ് വാക്‌സീന്‍ നല്‍കാനായി. കൊവിഡിനെതിരായ പ്രതിരോധം ശക്തമാക്കുമ്പോള്‍ പരമാവധി ജനങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കി സംരക്ഷിക്കുകയാണ് പ്രധാനം. ആ ലക്ഷ്യത്തില്‍ 80 ശതമാനം കവിഞ്ഞു എന്നത് നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

18 വയസിന് മുകളിലുള്ള ബാക്കിയുള്ളവര്‍ക്ക് കൂടി ഈ മാസത്തില്‍ തന്നെ വാക്‌സീന്‍ നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. സെപ്തംബര്‍ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍, ശരാശരി കൊവിഡ് ആക്ടീവ് കേസുകള്‍ 1,53,067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,998 കേസുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ ടി പി ആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാ നിരക്ക് യഥാക്രമം 6 ശതമാനവും 21 ശതമാനവും കുറഞ്ഞിട്ടുണ്ട്.

ഇന്നലെ വരെ 1,98,865 കൊവിഡ് കേസുകളില്‍, 13.7 ശതമാനം രോഗികളാണ് ആശുപത്രി, ഡി സി സി, സി എഫ് എല്‍ ടി സി, സി എസ് എല്‍ ടി സി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്. ആകെ രോഗികളില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമേ ഈ കാലയളവില്‍ ഓക്‌സിജന്‍ കിടക്കകള്‍ വേണ്ടിവന്നിട്ടുള്ളൂ. ഒരു ശതമാനം മാത്രമേ ഐ സി യുവിലുള്ളൂ. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ ഈ മാസത്തോടെ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മൂന്നു മാസങ്ങള്‍ക്കകം രണ്ടാം ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണിപ്പോള്‍ കരുതുന്നത്.

വൈകി ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന. രോഗം ബാധിച്ച ശേഷം ആശുപത്രികളില്‍ വൈകി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം 30 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. ആഗസ്റ്റ് മാസത്തില്‍ അത് 22 ശതമാനമായിരുന്നു. ഇത്തരമൊരു പ്രവണത ആശാസ്യമല്ല. കൊവിഡ് കാരണം മരണമടയുന്നവരില്‍ കൂടുതലും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമാണ്. തക്ക സമയത്ത് ചികിത്സ നേടിയാല്‍ വലിയൊരളവ് മരണങ്ങള്‍ കുറച്ചു നിര്‍ത്താന്‍ സാധിക്കും. എത്രയും പെട്ടെന്ന് ചികിത്സ നേടാന്‍ പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരും ശ്രദ്ധിക്കണം. അവരുടെ ബന്ധുമിത്രാദികളും ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. വാര്‍ഡ് തല കമ്മിറ്റികളും സക്രിയമായി ഇടപെടണം.

മരണമടഞ്ഞവരില്‍ വലിയൊരു ശതമാനം പേരും വാക്‌സീന്‍ എടുക്കാത്തവരായിരുന്നു. 60 വയസിനു മുകളിലുള്ളവരില്‍ വാക്‌സീന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ ഇനിയുമുണ്ട്. അവര്‍ നിര്‍ബന്ധമായും വാക്‌സീന്‍ സ്വീകരിക്കണം. വാക്‌സീന്‍ എടുക്കുന്നവര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകുന്നുണ്ട്. അതില്‍ ആശങ്കപ്പെടേണ്ടതില്ല. രോഗപ്പകര്‍ച്ചയും രോഗവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. വാക്‌സീന്‍ എടുത്തവരില്‍ രോഗബാധ ഉണ്ടായാലും രോഗാവസ്ഥകള്‍ കടുത്തതാകില്ല. മരണ സാധ്യതയും വളരെ കുറവാണ്. വാക്‌സീന്‍ എടുത്തവരെ വൈറസ് ബാധിച്ചാല്‍ അവരില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാക്‌സിന്‍ എടുത്തവരും കൊവിഡ് പെരുമാറ്റ ചട്ടങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Top