നാല് ദിവസം നീണ്ട പരിശ്രമം വിഫലം; കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു 

ഭോപ്പാൽ: മധ്യപ്രദേശിലെ ബെതുലിൽ കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു. കഴിഞ്ഞ നാല് ദിവസമായി കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇന്ന് പുലർച്ചെയോടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബെതുലിലെ മണ്ടവി ​ഗ്രാമത്തിലുള്ള തൻമയ് സാഹു എന്ന കുട്ടിയാണ് കുഴൽക്കിണറിൽ വീണത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടി 400 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. 55 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. ‌ഒരു സ്വകാര്യ കൃഷി സ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് അപകടം.

മണ്ണ് നീക്കാനുള്ള യന്ത്രങ്ങൾ അപകട സ്ഥലത്ത് എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിക്ക് ഓക്‌സിജൻ നൽകാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ ടീം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു.

ബെതുലിലെ നാനാക് ചൗഹാൻ എന്നയാളുടെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ രണ്ട് വർഷം മുമ്പാണ് കുഴൽക്കിണർ നിർമിച്ചത്. വെള്ളം ലഭിക്കാതെ വന്നതോടെ ഇത് പിന്നീട് ഇരുമ്പു പാളി കൊണ്ട് മൂടിയതായാണ് സ്ഥലം ഉടമയുടെ വാദം. ഇരുമ്പു പാളി കുട്ടി എങ്ങനെ നീക്കം ചെയ്തതായി അറിയില്ലെന്നും ചൗഹാൻ പറഞ്ഞിരുന്നു.

Top