കയ്യില്‍ കൊത്തിയ മൂര്‍ഖന്‍ പാമ്പിനെ കടിച്ചുകൊന്ന് 8 വയസുകാരന്‍

ന്നെ കടിച്ച മൂർഖൻ പാമ്പിനെ തിരിച്ച് കടിച്ച് എട്ട് വയസുകാരൻ. ഛത്തീസ്ഗഡിലെ ജാഷ്പൂരിലാണ് സംഭവം. വീടിന് പിന്നിൽ കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരൻ ദീപകിൻറെ കയ്യിൽ മുർഖൻ പാമ്പ് ചുറ്റുകയായിരുന്നു. കയ്യിൽ ചുറ്റിയ പാമ്പ് ദീപക്കിനെ കടിക്കുകയും ചെയ്തു. പാമ്പിനെ കയ്യിൽ നിന്ന് കുടഞ്ഞെറിയാനുള്ള ശ്രമം പാഴായതോടെയാണ് ദീപക് പാമ്പിനെ തിരിച്ചു കടിച്ചത്. രണ്ട് തവണ പാമ്പിനെ ശക്തമായി ദീപക് കടിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

കടിയേറ്റ പാമ്പ് ചത്തു. പാമ്പ് കടിച്ചപ്പോൾ ഭയങ്കര വേദനയുണ്ടായി. കുടഞ്ഞെറിയാനുള്ള പരിശ്രമം ഫലം കാണാതെ വന്നതോടെയാണ് പാമ്പിനെ തിരിച്ച് കടിച്ചതെന്നാണ് ദീപക് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉടൻ തന്നെ പാമ്പ് കൊത്തിയ വിവരം ദീപക് വീട്ടുകാരോട് പറഞ്ഞു. ഇവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ആൻറ് വെനം നൽകിയ ശേഷം ദീപകിനെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

പ്രാഥമിക നിരീക്ഷണത്തിൽ ഡ്രൈ ബൈറ്റാണ് കുട്ടിക്ക് സംഭവിച്ചതെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. മൂർഖൻ പാമ്പ് കുട്ടിയുടെ കയ്യിൽ കടിക്കുമ്പോൾ വിഷം പുറത്ത് വിട്ടിരുന്നില്ലെന്നാണ് സംശയിക്കുന്നത്. നേരത്തെ ഉത്തർ പ്രദേശിൽ രാജ വെമ്പാല രണ്ട് തവണ തന്നെ കടിച്ചെന്നും പാമ്പ് ചത്തെന്നും അവകാശപ്പെട്ട് യുവാവ് ആശുപത്രിയിലെത്തിയിരുന്നു.

വാദം തെളിയിക്കാൻ ചത്ത പാമ്പിനെയും കൊണ്ടാണ് മദ്യപിച്ച് ലക്കുകെട്ട നിലയിൽ യുവാവ് ആശുപത്രിയിലെത്തിയത്. കാലിൽ പാമ്പ് കടിയേറ്റെന്നും ആവശ്യമായ മരുന്ന് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഉത്തർ പ്രദേശിലെ കുശിനഗർ ജില്ലാ ആശുപത്രിയിൽ യുവാവ് എത്തിയത്.

Top