ജമ്മു കശ്മീരില്‍ സൈന്യം പൊലീസിനെ മര്‍ദിച്ചു ; എട്ടുപേര്‍ക്ക് പരുക്ക്

കശ്മീര്‍: ജമ്മു കശ്മീരില്‍ സൈന്യം പൊലീസിനെ മര്‍ദിച്ചു. അക്രമത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.

ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗുണ്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

അമര്‍നാഥ് യാത്ര കഴിഞ്ഞ് വരുന്ന യൂണിഫോമിലല്ലാത്ത സൈനിക ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച രാത്രി ഗുണ്ട് പൊലീസ് ചെക്ക് പോസ്റ്റില്‍ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.

യൂണിഫോമില്ലാത്തതിനാല്‍ സൈനികരാണെന്ന് മനസിലാകാതെ പൊലീസ് യാത്ര തടഞ്ഞു. എന്നാല്‍, മുന്നോട്ടു പോകണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടും യാത്ര അനുവദിച്ചില്ല. ഇതോടെ സൈനികര്‍ പൊലീസ് സ്‌റ്റേഷനില്‍ കയറി ഉദ്യോഗസ്‌ഥെര മര്‍ദിക്കുകയായിരുന്നു.

പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യത്തിനെതിരെ പൊലീസ് കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

എന്നാല്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യവും പൊലീസും നല്ല ബന്ധത്തിലാണ്.

സംഭവത്തെ കുറിച്ച് സൈനിക ഉദ്യോഗസ്ഥരെ അറിയിച്ചതനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡി.ജി.പി പറഞ്ഞു. ഒറ്റെപ്പട്ട ഒരു സംഭവത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കരുതെന്നും ഡി.ജി.പി അഭ്യര്‍ഥിച്ചു.

പ്രദേശത്ത് നാട്ടുകാരല്ലാത്തവരുടെ രാത്രിയാത്ര സര്‍ക്കാര്‍ തന്നെ വിലക്കിയിട്ടുണ്ട്. ഈയടുത്ത് അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ഉണ്ടായ തീവ്രവാദ ആക്രമണത്തില്‍ എട്ടു പേര്‍ മരിച്ചതോടെയാണ് വിലക്ക് നിലവില്‍ വന്നത്.

Top