ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. ഖത്തറിലെ കോര്‍ട്ട് ഒഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ആണ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത്. ദഹ്റ ഗ്‌ളോബല്‍ ടെക്നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. വധശിക്ഷ വിധിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നു.
ജയിലില്‍ കഴിയുന്ന പൗരന്മാരെ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ സന്ദര്‍ശിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചട്ടുള്ളൂ എന്നു ഇവര്‍ ഇന്ത്യന്‍ അംബാസിഡറെ അറിയിച്ചു. എട്ടു ഇന്ത്യന്‍ പൗരന്മാര്‍ക്കൊപ്പം രണ്ടു ഖത്തര്‍ പൗരന്മാരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
പൗരന്‍മാരെ സംരക്ഷിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു. ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അഖാദമായ നടുക്കം രേഖപ്പെടുത്തുകയും ഇവര്‍ക്ക് നയതന്ത്രപരമായും നിയമപരമായും സഹായം നല്‍കുമെന്നും അറിയിച്ചു. ഇതിനായി നയതന്ത്ര നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തലത്തില്‍ ഖത്തറുമായി ആശയവിനിമയം ഉണ്ടാകാന്‍ സാധ്യത. 2022 ഓഗസ്റ്റ് 30 നാണ് ഇന്ത്യന്‍ പൗരന്‍മാരെ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്നത്.
ചാരവൃത്തിക്കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇസ്രയേലിന് വേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പൗരന്മാരുടെ വധശിക്ഷയില്‍ പാകിസ്താന് പങ്കുണ്ടെന്ന് ഏജന്‍സികള്‍ സംശയിക്കുന്നു. പൗരന്മാരെ കുടുക്കുന്നതിനായിട്ട് പാക് ഇടപെടല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.