8 CRPF men killed in Kashmir highway ambush, 2 militants shot dead

ശ്രീനഗര്‍: ജമ്മു – ശ്രീനഗര്‍ ഹൈവേയില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം സിആര്‍പിഎഫിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ പൊലീസിലെ പ്രത്യേക ഇന്റലിജന്‍സ് വിഭാഗമാണ് ഇന്നലെ രാവിലെ ഏഴുമണിയോടെ ഇതുസംബന്ധിച്ച വിവരം നല്‍കിയത്. എന്നാല്‍ സിആര്‍പിഎഫ് ഇതു തള്ളിക്കഞ്ഞതാണ് എട്ടു ജവാന്മാരുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരം നല്‍കിയിട്ടും യാതൊരുവിധ സുരക്ഷയുമില്ലാതെയാണ് സിആര്‍പിഎഫ് വാഹനം സഞ്ചരിച്ചത്. ഇതു എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് ലംഘിച്ചുവെന്നും സുരക്ഷ വീഴ്ച സംഭവിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൈനിക വൃത്തങ്ങള്‍ തള്ളി.

ഇന്നലെ ശ്രീനഗറില്‍നിന്നു 14 കിലോമീറ്റര്‍ അകലെ പാമ്പോറില്‍ ശ്രീനഗര്‍ – ജമ്മു ഹൈവേയില്‍ വൈകിട്ടു 4.50നുണ്ടായ ആക്രമണത്തില്‍ എട്ടു സിആര്‍പിഎഫ് ജവാന്മാരാണ് മരിച്ചത്. ലെത്‌പോറയില്‍ പരിശീലനത്തിനുശേഷം മടങ്ങുകയായിരുന്ന സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ നാലു ലഷ്‌കറെ തയിബ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റിട്ടും ജവാന്‍മാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. മറ്റു രണ്ടു ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കി.

Top