പി.എസ് ശ്രീധരന്‍ പിള്ള രചിച്ച 8 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

പനജി: ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള രചിച്ച 8 പുസ്തകങ്ങള്‍ രാജ്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. 3 ഇംഗ്ലിഷ്, ഒരു ഹിന്ദി, 4 മലയാളം പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ 6 പുസ്തകങ്ങളും ഛത്തീസ്ഗഡ് ഗവര്‍ണര്‍ അനസൂയ യൂക്കി രണ്ടു പുസ്തകളും പ്രകാശനം ചെയ്തു. ഇതാദ്യമായാണ് 3 ഗവര്‍ണര്‍മാര്‍ ഒരേ വേദി പങ്കിട്ടത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

പൊതു സമൂഹത്തില്‍ ചിന്താവിപ്ലവം സൃഷ്ടിക്കുകയാണ് തന്റെ രചനയിലൂടെ ശ്രീധരന്‍ പിള്ള ചെയ്യുന്നതെന്ന് രാജേന്ദ്ര അര്‍ലേകര്‍ പറഞ്ഞു. സാമൂഹ്യ വിപ്ലവത്തിന് തിരികൊളുത്തിയ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ എഴുത്തുകാരുടെ തൂലികയ്ക്കുള്ള പങ്ക് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സദ് വിചാരങ്ങള്‍ സാഹിത്യ ഭാഷയിലെഴുതി ഫലിപ്പിക്കാന്‍ കഴിയുന്ന സര്‍ഗവൈഭവം എഴുത്തുകാരനെന്ന നിലയില്‍ ശ്രീധരന്‍ പിള്ളയുടെ മുതല്‍ക്കൂട്ടാണെന്ന് അനസൂയ യൂക്കി പറഞ്ഞു. രാഷ്ടീയ നേതാവ് എന്നതിലുപരി സമൂഹത്തിലെ പാവപ്പെട്ടവരുടെയും താഴെത്തട്ടില്‍ നില്‍ക്കുന്നവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മികച്ച സാമൂഹ്യ പ്രവര്‍ത്തകനെയാണ് ശ്രീധരന്‍ പിള്ള എന്ന ഗവര്‍ണറില്‍ താന്‍ കാണുന്നതെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി.

സ്വാതന്ത്ര്യസമരം ഉള്‍പ്പെടെയുള്ള ഏത് സാമൂഹ്യമാറ്റങ്ങള്‍ക്കു പിന്നിലും ക്രിയാത്മക ന്യൂനപക്ഷമാണ് ചാലക ശക്തിയായതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എഴുത്തും വായനയുമുള്ള ഒരു ചെറിയ കൂട്ടം ആളുകളാണ് ഈ ക്രിയാത്മക ന്യൂനപക്ഷം. എഴുത്തുകാര്‍ക്ക് അത്യാവശ്യമായും ഉണ്ടായിരിക്കേണ്ട ഗുണം എഴുത്തില്‍ പൂര്‍ണതയ്ക്കായി സ്വയം സമര്‍പ്പിക്കണം എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ രാജ്ഭവന്‍ സെക്രട്ടറി മിഹിര്‍വര്‍ധന്‍ സ്വാഗതവും ശ്രേയ ഗൗരവ് നന്ദിയും പറഞ്ഞു.

Top