നീതി ആയോഗിന്റെ ഏഴാമത് ഭരണസമിതി യോഗം ഇന്ന്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗിന്റെ ഏഴാമത് ഭരണസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ ചേരും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, കാര്‍ഷികആരോഗ്യ മേഖലകളിലെ പ്രശ്‌നങ്ങള്‍, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളാകും യോഗത്തില്‍ ചര്‍ച്ചയാകുക.

മുഖ്യമന്ത്രിമാര്‍ക്കുള്ള യോഗത്തില്‍ നിന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാട്ടുകയാണെന്ന് ആരോപിച്ച്‌ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

കൊവിഡ് ബാധിതനായിരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഈയടുത്താണ് സുഖം പ്രാപിച്ചത്. ആരോഗ്യകാരണങ്ങളാല്‍ പങ്കെടുക്കാനാകില്ലെന്നും, പ്രതിനിധിയെ പങ്കെടുപ്പിക്കാമെന്നും ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ യോഗം മുഖ്യമന്ത്രിമാര്‍ക്ക് മാത്രമാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് നിതീഷ് കുമാര്‍ വിട്ടുനില്‍ക്കുന്നത്.

Top