75ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിറവില്‍ രാജ്യം; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയായി

ഡല്‍ഹി : 75-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യന്‍ സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് കര്‍ത്തവ്യപഥ് സാക്ഷിയായി. വനിതാ പ്രാതിനിധ്യം കൂടിയയായിരുന്നു ഇത്തവണത്തെ പരേഡ്. ആയതിനാല്‍ ‘വികസിത ഭാരതം’, ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്’ എന്നിവയായിരുന്നു പ്രമേയങ്ങള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. പതിനാറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചു. മണിപ്പൂരും പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിച്ച് പങ്കെടുത്തു. അയോധ്യയിലെ രാംലല്ലയും നമോ ഭാരത് ട്രെയിനുമായിരുന്നു ഉത്തര്‍പ്രദേശ് ദൃശ്യാവിഷ്‌കരിച്ചത്.

സ്ത്രീ ശക്തി മുന്‍നിര്‍ത്തി ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തിന്റെയും സൈനിക ശക്തിയുടെയും പ്രകടനമാണ് കര്‍ത്തവ്യപഥില്‍ നടന്നത്. ചരിത്രത്തിലാദ്യമായി നൂറിലധികം വനിതാ കലാകാരികള്‍ ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ വായിച്ച് പരേഡിന് തുടക്കം കുറിച്ചു. സംയുക്ത സേന, കേന്ദ്ര പോലീസ് സേന എന്നി വിഭാഗങ്ങളെ പ്രതിനിധീകരിച്ചത് മുഴുവനും വനിതകള്‍. ഫ്‌ലൈ പാസ്റ്റിലും വനിതാ പൈലറ്റുമാരാണ് പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാത്ഥിയായ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ 90 അംഗ ഫ്രഞ്ച് സേനയും ഭാഗമായി.

റഫാല്‍ യുദ്ധ വിമാനങ്ങള്‍ , ടി 90 ടാങ്ക്, നാഗ് മിസൈല്‍, പിനാക റോക്കറ്റ് ലോഞ്ചര്‍ എന്നിവ പ്രതിരോധ കരുത്തിന്റെ അടയാളമായി. 54 യുദ്ധ വിമാനങ്ങളാണ് ഇത്തവണ പരേഡില്‍ പങ്കെടുത്തത്. ഇതില്‍ മൂന്നെണ്ണം ഫ്രഞ്ച് സേനയുടേതായിരുന്നു. സിആര്‍പിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയില്‍ നിന്നുള്ള വനിത സേനാഗങ്ങള്‍ ബൈക്ക് അഭ്യാസപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ത്തവ്യപഥില്‍ എത്തിയത്.

Top