മുടക്കിയത് 75 ലക്ഷം; വി.പി സുഹൈർ ഈസ്റ്റ്ബംഗാളിൽ

കൊൽക്കത്ത: നോർത്തീസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വി.പി സുഹൈറിനെ സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാൾ മുടക്കിയത് 70-75 ലക്ഷം രൂപ. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബുകളുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് കൊൽക്കത്തൻ വമ്പന്മാർ സുഹൈറിനെ സ്വന്തമാക്കിയത്. മലയാളി താരത്തിന്റെ മെഡിക്കൽ പരിശോധന മാത്രമാണ് ഇനി ബാക്കിയുള്ളത്. പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് മാർക്കസ് മെർഗൽഹൗ ആണ് സുഹൈറിന്റെ ട്രാൻസ്ഫർ തുകയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയത്. താരത്തെ സ്വന്തമാക്കാൻ ചില ക്ലബുകൾ കൂടിയുണ്ടായിരുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. എന്നാൽ ഏതെല്ലാം ക്ലബുകളാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

മൂന്നു വർഷത്തേക്കാണ് മുപ്പതുകാരൻ ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പിട്ടത്. ഒന്നരക്കോടിയിലേറെ രൂപയാണ് താരത്തിന്റെ പ്രതിഫലം എന്ന് ഐഫ്ടിഡബ്ല്യൂസി റിപ്പോർട്ടു ചെയ്തു.നേരത്തെ, കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കാനുള്ള ആഗ്രഹം സുഹൈർ പരസ്യമാക്കിയിരുന്നു. ഐഎസ്എല്ലിന്റെ രണ്ടു സീസണിൽ നോർത്തീസ്റ്റ് യുണൈറ്റഡിന്റെ ജഴ്‌സിയണിഞ്ഞ താരം 38 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഏഴു ഗോളുകൾ നേടിയതിനൊപ്പം മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

Top