കേരളത്തില്‍ കാക്കിയിട്ട 744 ക്രിമിനലുകള്‍, പുറത്താക്കിയത് 18 പേരെ മാത്രം !

തിരുവനന്തപുരം: സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളെന്ന് സര്‍ക്കാര്‍. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 744 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും 691 പേര്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍, 18 പേരെ മാത്രമാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്.

ഗുരുതര കുറ്റകൃത്യങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരെപ്പോലും സംരക്ഷിക്കുന്ന രീതി സേനയില്‍ വ്യാപകമാവുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഇങ്ങനെയൊരു കണക്ക് പുറത്തുവരുന്നത്. നിയമസഭയില്‍ എംഎല്‍എ കെ കെ രമയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ത്തിയത്. ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് മറുപടി നല്‍കി. ആലുവ സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പലതവണ കൃത്യവിലോപം നടത്തിയിട്ടും സ്ഥലം മാറ്റം പോലെ നിസാര നടപടികളാണ് ഇവര്‍ക്കെതിരെ സ്വീകരിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.

അതേസമയം, ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്ഥലം സിഐ സിഎല്‍ സുധീറിനെതിരെ കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം തുടരുന്നു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിഐ ആയ സിഎല്‍ സുധീറിനെതിരെ കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാന്‍ സമരത്തിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാര്‍ പറയുന്നു. സുധീറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് പറയുന്നു.

Top