EC seeks reply from Kozhikode DCC President KC Abu for violation of model code of conduct

കോഴിക്കോട്: ബേപ്പൂരിലെ വിവാദ പ്രസംഗത്തിലെ പരാമര്‍ശത്തിന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യ ശാസന. പ്രസംഗം സംബന്ധിച്ച് കെ സി അബു നല്‍കിയ വിശദീകരണം തള്ളിയാണ് കമ്മീഷന്റെ നടപടി. സാമുദായിക വികാരങ്ങള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തിന് വിരുദ്ധമാണ് അബുവിന്റെ പ്രസംഗമെന്ന് കമ്മീഷന്‍ വിലയിരുത്തി.

ബേപ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി അഡ്വ. കെ പി പ്രകാശ് ബാബു തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നല്‍കി. പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതില്‍ കമ്മീഷന്‍ കെ സി അബുവിന്റെ വിശദീകരണം തേടി. ഈ വിശദീകരണം തള്ളിയാണ് കെ സി അബുവിനെ പരസ്യമായി ശാസിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. മത സാമുദായിക വികാരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തിന് വിരുദ്ധമാണ് അബുവിന്റെ പ്രസംഗമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രവര്‍ത്തനം സംബന്ധിച്ച നിരവിധ പരാതികള്‍ ഉയര്‍ന്നെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് കമ്മീഷന്റെ നടപടിയുണ്ടാകുന്നത്.

Top