Rs 800 crore assets seized in raid on Andhra Pradesh transport official

കാക്കിനഡ: ആന്ധ്രാ പ്രദേശില്‍ എണ്ണൂറു കോടിയുടെ സ്വത്തുള്ള ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ.മോഹനെ അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) അറസ്റ്റു ചെയ്തു. മോഹന്റെ തെലങ്കാനയിലെ ഒമ്പതു സ്ഥലങ്ങളിലുള്ള വീടുകളിലും ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലുള്ള വീടുകളിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. അറസ്റ്റ് ചെയ്തതിനു ശേഷം ഇയാളെ വിജയവാഡയിലുള്ള എസിബി കോടതിയില്‍ ഹാജരാക്കി. രേഖകളില്‍ സമ്പത്തിന്റെ മൂല്യം 100 കോടി മുതല്‍ 120 കോടിയാണെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ വിപണിയില്‍ ഈ സ്വത്തുക്കള്‍ക്ക് 800 കോടി രൂപ വിലമതിക്കും. റെയ്ഡ് തുടരുകയാണ്. മോഹന്റെ നിരവധി ബാങ്ക് ലോക്കറുകള്‍ ഇനിയും തുറക്കാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കാനായി ഇയാള്‍ മൂത്ത മകള്‍ തേജശ്രീയുടെ പേരില്‍ എട്ട് കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ രേഖകളില്‍ കാണിച്ചിരിക്കുന്ന മേല്‍വിലാസത്തിലൂടെ ഈ കമ്പനികള്‍ കണ്ടെത്താനായിട്ടില്ല എന്ന് എസിബിയുടെ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡി.എസ്.പി രമാദേവി പറയുന്നു. ഇയടുത്തായി ബന്ധുക്കളുടെ പേരില്‍ കര്‍ണാടകയിലെ ബെല്ലാരിയിലുണ്ടായിരുന്ന ചില സ്വത്തുക്കള്‍ ഇയാള്‍ സ്വന്തം പേരിലേക്ക് മാറ്റിയിട്ടുണ്ട്. 12 ലോക്കറുകള്‍ ഇനിയും തുറക്കാനുണ്ടെന്നും പല രേഖകളും ലോക്കറുകളും ഹൈദരാബാദിലാണെന്നും അന്വേഷണം തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി. ആദ്യം എസിബി ഉദ്യോഗസ്ഥര്‍ വീട്ടിനുള്ളില്‍ പ്രവേശിക്കാന്‍ മോഹന്‍ സമ്മതിച്ചില്ല. കൂടാതെ സ്വന്തം മൊബൈല്‍ ഇയാള്‍ പുറത്തേക്ക് എറിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥര്‍ ഫോണ്‍ കണ്ടെത്തുകയും അത് പരിശോധിച്ചു വരികയുമാണ്. വിലയേറിയ രത്‌നങ്ങളും വജ്രങ്ങളും മറ്റ് വിലയേറിയ കല്ലുകളും മോഹന്റെയും ബന്ധുക്കളുടെയും വീടുകളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Top