ഉത്തരേന്ത്യയില്‍ കനത്ത മഴ; യുപിയില്‍ 73 മരണം,ബീഹാറില്‍ ജന ജീവിതം സ്തംഭിച്ചു

ലക്‌നൗ: ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ നാലു ദിവസമായി തുടരുന്ന കനത്തമഴയെ തുടര്‍ന്ന് 73 പേര്‍ മരിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒട്ടു മിക്ക ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി ബിഹാറിലെ പട്‌നയിലും മഴയ്ക് ശമനമില്ല. ജന ജീവിതം സ്തംഭിച്ചിരിക്കുകയാണ്. വെള്ളക്കെട്ടുണ്ടായത് മൂലം പല ഭാഗങ്ങളിലും വലിയ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന്‌ നിരവധി ട്രെയിനുകള്‍ ഇന്ന് രാവിലെ റദ്ദാക്കി. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ബീഹാറില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 25 മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പാറ്റ്നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട് ഉള്ളത്. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവര്‍ കുടുങ്ങിയത്. ആളുകള്‍ താമസിച്ചിരുന്ന ഫ്ളാറ്റുകളുടെ ആദ്യനില വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ബിഹാറിലെ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തന സേനയെ വിന്യസിച്ചിട്ടുണ്ട്.

Top